

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു. നിലവിൽ ഇവർ സുരക്ഷിതരായി കാബൂൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടൻ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ കാബൂൾ വിമാനത്താവളത്തിലായിരുന്നു ഇന്ത്യക്കാരെ തടഞ്ഞുവച്ചത്.
രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാൻ ട്രക്കുകളിൽ പുറത്തേക്ക് കൊണ്ടു പോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാർക്കൊപ്പം ഏതാനും അഫ്ഗാൻ പൗരന്മാരും, അഫ്ഗാനിലെ സിഖ് വംശജരും ഉണ്ടായിരുന്നു.
രണ്ട് ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ഇന്ത്യൻ വ്യോമസേനാ വിമാനം 85 ഇന്ത്യക്കാരുമായി രാവിലെ ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു. പിന്നാലെയാണ് 150 ഇന്ത്യക്കാരെ താലിബാൻ തീവ്രവാദികൾ തടഞ്ഞത്.
അതിനിടെ, കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് അമേരിക്ക നടത്തുന്ന രക്ഷാദൗത്യം തടസ്സപ്പെടുത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ താലിബാന് മുന്നറിയിപ്പു നൽകി. യുഎസ് സൈനികരെ ആക്രമിക്കുകയോ രക്ഷാദൗത്യം തടസ്സപ്പെടുത്തുകയോ ചെയ്താൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം സർക്കാർ രൂപീകരണ ചർച്ചകൾക്കായി താലിബാൻ നേതാവ് മുല്ല അബ്ദുൾ ഗനി ബരാദർ കാബൂളിലെത്തി. താലിബാൻ കമാൻഡർ അടക്കമുള്ളവരുമായി ബരാദർ ചർച്ച നടത്തും. അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്‌റഫി ഗനിയുടെ സഹോദരൻ ഹഷ്മത് ഗനി അഹമ്മദ്‌സായി താലിബാന് പിന്തുണ പ്രഖ്യാപിച്ചു. താലിബാൻ നേതാവ് ഖലീൽ ഉർ റഹ്മാൻ, മതപണ്ഡിതൻ മുഫ്തി മുഹമ്മദ് സക്കീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഹഷ്മത് ഗനിയുടെ പ്രസ്താവന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates