ദക്ഷിണാഫ്രിക്കയിലെ റൈസിങ് സ്റ്റാർ ഗുഹയിൽ നിന്ന് രണ്ടര ലക്ഷം വർഷം പഴക്കമുള്ള ആദിമ മനുഷ്യക്കുഞ്ഞിന്റെ തലയോട്ടി കണ്ടെത്തി. റൈസിങ് സ്റ്റാർ ഗുഹയിലെ ഇരുട്ടിൽ 150 അടിയോളം താഴ്ചയിൽ പുറം ലോകവുമായി ബന്ധമില്ലാതെ കിടക്കുകയായിരുന്നു ഈ അവശേഷിപ്പ്. ലേറ്റി എന്നാണ് ഇതിനു ശാസ്ത്രജ്ഞർ നൽകിയ പേര്.
തലയോട്ടിയിൽ നടത്തിയ സൂക്ഷ്മ പരിശോധനയിൽ പുതിയ വിവരങ്ങൾ കണ്ടെത്താനും ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. മരിച്ചപ്പോൾ നാലോ ആറോ വയസ് പ്രായമുണ്ടായിരുന്ന ഈ കുട്ടി മനുഷ്യർക്കും മുൻപുണ്ടായിരുന്ന ആദിമ നരവംശ വിഭാഗമായ ഹോമോ നാലെടിയിൽ പെട്ടതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു.
2013ലാണ് ഗുഹയിൽ നിന്ന് ആദ്യമായി ഹോമോ നാലെടി നരവംശത്തിൽ പെട്ടവരുടെ ശേഷിപ്പ് കണ്ടെത്തിയത്. പിന്നീട് ഇവിടെ നിന്നുകണ്ടെത്തിയിട്ടുള്ള ‘ഹോമോ നാലെടി’ വിഭാഗത്തിൽപെട്ട 25ാമത്തെ അവശേഷിപ്പാണ് ലേറ്റിയുടേത്.
ദക്ഷിണാഫ്രിക്കയിലെ സെറ്റ്സ്വാന ഭാഷയിൽ നഷ്ടപ്പെട്ടത് എന്നർഥം വരുന്നതാണ് ലേറ്റി എന്ന വാക്ക്. വാഷിങ്ടനിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബെക്ക പെയ്ക്സോട്ടോ എന്ന പുരാവസ്തു ഗവേഷകയും സംഘവുമാണ് ഈ പര്യവേക്ഷണത്തിൽ ഏർപ്പെട്ടത്.
അകത്തേക്കു കയറാൻ വളരെ പാടുള്ള ഗുഹാദ്വാരമാണ് റൈസിങ് സ്റ്റാർ ഗുഹയ്ക്കുള്ളത്. ഇതിനുള്ളിൽ 25 ഹോമോ നാലെടി വംശജരുടെ മൃതദേഹങ്ങൾ എങ്ങനെയെത്തിയെന്ന ചോദ്യം ശാസ്ത്രജ്ഞരെ അലട്ടുന്നുണ്ട്. ഒരുപക്ഷേ ഈ വിഭാഗത്തിൽ പെടുന്നവർ മരിക്കുമ്പോൾ അടക്കിയിരുന്ന ഗുഹയാകാം ഇതെന്ന വാദം ഇവർ മുന്നോട്ടുവയ്ക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ബാത്തുങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹാ സംവിധാനത്തെ മനുഷ്യരാശിയുടെ കളിത്തൊട്ടിലെന്നാണു യുനെസ്കോ വരെ വിളിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരമായ ജൊഹാനസ്ബർഗിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് റൈസിങ് സ്റ്റാർ ഗുഹയുള്ളത്.
ആധുനിക മനുഷ്യവർഗമായ ഹോമോ സാപ്പിയൻസിന്റെ പൂർവിക പരമ്പരയിലെ ബുദ്ധിമാൻമാരായ അംഗങ്ങളാണു ഹോമോ നാലെടിയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ഇവർക്ക് 4 അടി 9 ഇഞ്ച് ഉയരവും 40 മുതൽ 56 കിലോ വരെ ഭാരവുമുണ്ടായിരുന്നു. ഒരു ഓറഞ്ചിന്റെ അത്രമാത്രം വലുപ്പമുള്ളതായിരുന്നു ഇവരുടെ തലച്ചോറെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഈ നരവംശം തങ്ങളുടെ അവസാന കാലങ്ങളിൽ പുരോഗമന മനുഷ്യർക്കൊപ്പം ജീവിച്ചിരിക്കാമെന്ന സംശയവും ശാസ്ത്രജ്ഞർക്കുണ്ട്. കായ്കളും വേരുകളും ഭക്ഷിച്ചിരുന്ന ഇവർ, പാചകം ചെയ്യാനുള്ള അറിവ് അക്കാലത്ത് സ്വായത്തമാക്കിയിരുന്നില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates