ചെമ്മീൻ കറി, തേങ്ങാ ചിക്കൻ കറി; കേരളീയ വിഭവങ്ങൾ പാചകം ചെയ്ത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി 

ചെമ്മീൻ കറി, തേങ്ങാ ചിക്കൻ കറി; കേരളീയ വിഭവങ്ങൾ പാചകം ചെയ്ത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി 
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

മെൽബൺ: മലയാളികളുടെ ഇഷ്ട വിഭവങ്ങൾ വ്യത്യസ്ത രീതിയിൽ പരീക്ഷിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ചെമ്മീൻ കറി, തേങ്ങാ ചിക്കൻ കറി തുടങ്ങിയ കേരളീയരുടെ പ്രിയപ്പെട്ട വിഭവങ്ങളാണ് പ്രധാനമന്ത്രി സ്വന്തം അടുക്കളയിൽ പരീക്ഷിച്ചത്.

കേരളത്തിൽ എത്തി ഇതൊന്നും കഴിച്ചിട്ടില്ലെങ്കിലും കേരള രുചികൾ അറിഞ്ഞതോടെ പ്രധാനമന്ത്രി ഇതെല്ലാം പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ദീപാവലിയ്ക്കു വീട്ടിലെത്തിയ അതിഥികളെ കേരളീയ രീതിയിൽ തയാറാക്കിയ തേങ്ങാ അരച്ച ചെമ്മീൻ കറി ഉണ്ടാക്കി 'ഡിന്നർ നൈറ്റ്' ഒരുക്കിയാണു സ്വീകരിച്ചത്. തേങ്ങാ ചിക്കൻ കറിയും വഴുതനങ്ങ സാഗ് കറിയും അതിഥികൾക്കായി ഒരുക്കിയിരുന്നു. മോറിസൺ തന്നെയാണു പാചകത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനു വീഡിയോ സന്ദേശത്തിലൂടെ സ്‌കോട്ട് മോറിസൺ ദീപാവലി ആശംസകൾ നേർന്നിരുന്നു. ഇരുട്ടിനു മേൽ വെളിച്ചം വിജയം കൈവരിക്കുന്നതിന്റെ ആഘോഷമായ ദീപാവലി, ഇരുൾ നിറഞ്ഞ ജീവിതങ്ങളിൽ വെളിച്ചം പകരട്ടെ എന്നാശംസിച്ചു കൊണ്ടാണു പ്രധാനമന്ത്രി ദീപാവലി സന്ദേശം നൽകിയത്. ഹിന്ദിയിലാണ് ആശംസകൾ നേർന്നത്.

കേരള വിഭവം സ്വയം പാചകം ചെയ്തതിന്റെ ചിത്രം മോറിസൺ ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്തതോടെ നിരവധി മലയാളികളാണു പ്രധാനമന്ത്രിക്കു കമന്റിലൂടെ നന്ദി അറിയിച്ചത്. അടുത്ത ഇന്ത്യാ സന്ദർശനത്തിൽ കേരളം സന്ദർശിക്കണമെന്നും, കേരളത്തിന്റെ മറ്റു വിഭവങ്ങളും പരീക്ഷിക്കണമെന്നും കമന്റുകൾ നിറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com