കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വംശജ: ആരാണ് അനിത ആനന്ദ്?

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ് സത്യപ്രതിജ്ഞ ചെയ്തു
Anita Anand, Canada's New Indian-Origin Foreign Minister
അനിത ആനന്ദ് എക്സ്
Updated on
1 min read

ഒട്ടാവ: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ് സത്യപ്രതിജ്ഞ ചെയ്തു. കാനഡയുടെ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ള പദവികളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അനിത ആനന്ദ്, മെലാനി ജോളിക്ക് പകരമായാണ് വിദേശകാര്യ മന്ത്രിയായത്. വിദേശകാര്യ മന്ത്രി ചുമതല നിര്‍വഹിച്ചിരുന്ന മെലാനി ജോളിയാണ് പുതിയ വ്യവസായ മന്ത്രി.

കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ 58 കാരി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കാബിനറ്റ് നിയമനങ്ങളിലും അവര്‍ ഈ പാരമ്പര്യം തന്നെയാണ് പിന്തുടര്‍ന്നത്.

28 മന്ത്രിമാര്‍ ഉള്‍പ്പെടുന്ന തരത്തിലാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബറല്‍ മന്ത്രിസഭയെ പ്രധാനമന്ത്രി കാര്‍ണി പുനഃസംഘടിപ്പിച്ചത്. ജസ്റ്റിന്‍ ട്രൂഡോ കാലഘട്ടത്തില്‍ നിന്ന് ഒരു പുതിയ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിമാരെയും അവതരിപ്പിച്ചു. സര്‍ക്കാരില്‍ പകുതിയും സ്ത്രീകളാണ്. കാനഡ-യുഎസ് ബന്ധത്തിലെ ഉലച്ചിലുകള്‍ക്കിടെ കനേഡിയന്മാര്‍ ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ മാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭയെ പുനഃസംഘടിപ്പിച്ചതായി മിസ്റ്റര്‍ കാര്‍ണി പറഞ്ഞു.

2025 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച അനിത ആനന്ദ് ഹൗസ് ഓഫ് കോമണ്‍സില്‍ ഓക്ക്വില്ലെ ഈസ്റ്റിനെയാണ് പ്രതിനീധികരിക്കുന്നത്. 2019 മുതല്‍ 2025 വരെ ഹൗസ് ഓഫ് കോമണ്‍സില്‍ ഓക്ക്വില്ലെയെ തന്നെ പ്രതിനിധീകരിച്ച് പൊതുസേവനം, പ്രതിരോധം, ഗതാഗതം, ആഭ്യന്തര വ്യാപാരം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിപദവി വഹിച്ചിട്ടുണ്ട്.

ആരാണ് അനിത ആനന്ദ്?

1967 മെയ് 20 ന് നോവ സ്‌കോട്ടിയയിലെ കെന്റ്വില്ലില്‍ ഇന്ത്യന്‍ കുടിയേറ്റ ഡോക്ടര്‍ മാതാപിതാക്കളായ സരോജ് ഡി റാമിന്റെയും എസ് വി ആനന്ദിന്റെയും മകളായാണ് അനിത ആനന്ദ് ജനിച്ചത്. 1960 കളുടെ തുടക്കത്തിലാണ് അനിത ആനന്ദിന്റെ കുടുംബം ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് താമസം മാറിയത്. അനിത ആനന്ദിന്റെ അമ്മ പഞ്ചാബില്‍ നിന്നാണ്. അച്ഛന്‍ തമിഴ്‌നാട് സ്വദേശിയാണ്. ഗീത, സോണിയ എന്നി രണ്ട് സഹോദരിമാരുണ്ട്.

1985-ല്‍, 18 വയസ്സുള്ളപ്പോള്‍, അനിത ആനന്ദ് ഒന്റാറിയോയിലേക്ക് താമസം മാറി. അവിടെ അവര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ അക്കാദമിക് ബിരുദം നേടി. പിന്നീട് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് (ഓണേഴ്‌സ്) പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡല്‍ഹൗസി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും യഥാക്രമം ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

1995-ല്‍ കനേഡിയന്‍ അഭിഭാഷകനും ബിസിനസ് എക്‌സിക്യൂട്ടീവുമായ ജോണ്‍ നോള്‍ട്ടണെ അനിത ആനന്ദ് വിവാഹം കഴിച്ചു. ഇരുവര്‍ക്കും നാല് കുട്ടികളുണ്ട്. 2019-ല്‍ ആദ്യമായി കാനഡയുടെ ഫെഡറല്‍ മന്ത്രിസഭയില്‍ എത്തിയപ്പോള്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഹിന്ദുവായി മാറി. കാനഡ പ്രതിരോധമന്ത്രി എന്ന നിലയില്‍ അനിത ആനന്ദിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com