

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെടാനിടയാക്കിയ സംഭവത്തില്‍ ഖേദം പ്രകടിച്ചും ഉത്തരവാദിത്തം ഏറ്റെടുത്തും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ഷെയ്ഖ് ഹസീന ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഇമെയില്‍ അഭിമുഖത്തിലാണ് നിര്‍ണായക പ്രതികരണം നടത്തുന്നത്. ബംഗ്ലാദേശിലെ സൈനിക നടപടിയുടെ നേതൃത്വ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു എന്നാണ് ഷെയ്ഖ് ഹസീന വ്യക്തമാക്കിയത്.
തന്റെ പാര്‍ട്ടിയായ അവാമി ലീഗ് രാജ്യത്ത് വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം വിട്ട ശേഷം ഇതാദ്യമായാണ് മുന്‍ പ്രധാനമന്ത്രി പരസ്യ പ്രതികരണം നടത്തുന്നത്. എന്നാല്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ വിദേശ ഇടപെടലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷെയ്ഖ് ഹസീന മറുപടി നല്‍കിയില്ല.
തന്റെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ച ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്. തങ്ങളുടെ വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്കായുള്ള പ്രവര്‍ത്തനം തുടരും. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ കലാപത്തില്‍ നഷ്ടപ്പെട്ട ഓരോ ജീവനെകുറിച്ചും ദുഃഖമുണ്ട്. ആ സമയം രാജ്യത്തെ നയിച്ചിരുന്ന നേതാവ് എന്ന നിലയില്‍ മരണങ്ങളുടേതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എന്നാല്‍, സുരക്ഷാ സേനയുടെ ഇടപെടലിനായി താന്‍ ഉത്തരവിട്ടെന്ന ആക്ഷേപങ്ങള്‍ തെറ്റാണെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കുന്നു. താന്‍ നടപടികള്‍ സ്വീകരിച്ചത് നല്ല ലക്ഷ്യത്തോടെ ആയിരുന്നു. കലാപം അവസാനിപ്പിക്കുക, ജീവഹാനി കുറയ്ക്കുക, ക്രമസമാധാനം പുനഃസ്ഥാപിക്കുക എന്നിവയായിരുന്നു ലക്ഷ്യം എന്നും ഷെയ്ഖ് ഹസീന പറയുന്നു.
എന്നാല്‍, കലാപത്തിലെ മരണക്കണക്കുകള്‍ ഉള്‍പ്പെടെ ഊതിപ്പെരുപ്പിച്ചതാണെന്ന വാദവും ഷെയ്ഖ് ഹസീന ഉയര്‍ത്തി. കൊല്ലപ്പെട്ടവരില്‍ സൈനികരും അവാമി ലീഗ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. സംഭവങ്ങള്‍ നടന്ന 15 മാസം പിന്നിട്ടിട്ടും യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. യുഎന്‍ പങ്കുവച്ച മരണക്കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളെ ഉദ്ധരിച്ചാണ്. കണക്കുകളുടെ കൃത്യതയില്ലായ്മയ്ക്ക് രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായേക്കുമെന്നും ഷെയ്ഖ് ഹസീന പറയുന്നു.
2024 ല്‍ ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപണവും ഷെയ്ഖ് ഹസീന നിഷേധിച്ചു. സ്വതന്ത്ര അന്താരാഷ്ട്ര നിരീക്ഷകളുടെ സാന്നിധ്യത്തില്‍ സുതാര്യമായാണ് 2024 ലെ തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് അവാമി ലീഗ് അധികാരത്തിലെത്തിയ 9 തവണയും കൃത്യമായ ജന പിന്തുണ ഉണ്ടായിരുന്നു. ഭരണഘടനാ വിരുദ്ധമായി ഒരിക്കലും പാര്‍ട്ടി അധികാരം ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ഇപ്പോഴത്തെ ഇടക്കാല സര്‍ക്കാര്‍ ഇതിനാണ് മുതിരുന്നതെന്നും ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി. 1970 കള്‍ മുതല്‍ 2001 വരെയുള്ള കാലയളവില്‍ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ വ്യാപകമായിരുന്നു. ഇതിന് ശേഷം ഈ സംവിധാനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആര്‍ക്കും സംശയമുണ്ടാകില്ലെന്നും മുന്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.
ബംഗ്ലാദേശിലെ പൊതു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ അവാമി ലീഗ് ആഗ്രഹിക്കുന്നില്ല. മറിച്ച് ഭാഗമാകാന്‍ അതിയായ ആഗ്രമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത് രാജ്യത്തെ ജനാധിപത്യ സംധാനത്തോട് യാതൊരു ബഹുമാനവുമില്ലാത്തതുമായ ഒരു ഭരണകൂടമാണ്.
തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കുക, പാര്‍ട്ടികള്‍ നിരോധിക്കപ്പെടുക തുടങ്ങിയ സാഹചര്യങ്ങള്‍ അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്. സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു തെരഞ്ഞെടുപ്പാണ് ബംഗ്ലാദേശിന് വേണ്ടത്. അത് സാധ്യമായാല്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കും. ഭിന്നതകള്‍ അവസാനിച്ച് അനുരഞ്ജനം സാധ്യമാകും. അവാമി ലീഗിനെ നിരോധിച്ചുകൊണ്ട് ബംഗ്ലാദേശില്‍ ഒരു വളര്‍ച്ച സാധ്യമാകില്ല. രാജ്യത്തിന്റെ ആധുനിക ചരിത്രത്തിലും സ്വാതന്ത്ര്യത്തിലും ഞങ്ങള്‍ ഭാഗമാണ്. ഇപ്പോളും ദശലക്ഷക്കണക്കിന് ആളുകലുടെ പിന്തുണ അവാമി ലീഗിന് ഉണ്ടെന്നും ഷെയ്ഖ് ഹസീന അവകാശപ്പെട്ടു.
ഷെയ്ഖ് ഹസീനയുടെ 15 വര്‍ഷത്തെ ഭരണകാലത്ത് ബംഗ്ലാദേശില്‍ നിന്ന് ഏകദേശം 234 ബില്യണ്‍ ഡോളര്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് മുഹമ്മദ് യൂനുസിനെ ഉദ്ധരിച്ചുകൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകളെയും മുന്‍ പ്രധാനമന്ത്രി തള്ളി. തന്റെ രാഷ്ട്രീയ എതിരാളികളാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രോസിക്യൂട്ടര്‍മാരാണ് ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നത്. രാജ്യത്ത് അഴിമതി ഉണ്ടായിരുന്നില്ലെന്ന് പറയുന്നില്ല. എന്നാല്‍ തന്റെ കുടുംബവും സഹ പ്രവര്‍ത്തകരും രാജ്യത്തിന്റെ സമ്പത്ത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. 234 ബില്യണ്‍ ഡോളറിന്റെ ക്രമക്കേട് ആരോപണങ്ങള്‍ പരിഹാസ്യമാണ്. ഇവയില്‍ യാഥാര്‍ഥ്യത്തിന്റെ കണിക പോലുമില്ല. തന്റെ ഭരണകാലത്താണ് ബംഗ്ലാദേശ് സാമ്പത്തിക വളര്‍ച്ച കൈവരിച്ചത്. 15 വര്‍ഷത്തെ ഭരണത്തിനിടയില്‍ സമ്പദ് വ്യവസ്ഥ 450 ശതമാനത്തിലധികം വളര്‍ന്നു. ഐഎംഎഫ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇക്കാര്യം അംഗീകരിച്ച വസ്തുതയാണെന്നും ഷെയ്ഖ് ഹസീന ചൂണ്ടിക്കാട്ടി.
മുഹമ്മദ് യൂനിസിനെതിരെയും ഷെയ്ഖ് ഹസീന ആരോപണങ്ങള്‍ ഉന്നയിച്ചു. ബംഗ്ലാദേശിലെ വിവിധ ബാങ്കുകളിലെ ഒന്നിലധികം അക്കൗണ്ടുകളിലായി ഏകദേശം 5,000 കോടി ടാക്ക സമ്പത്ത് യൂനിസിന് ഉണ്ടെന്നാണ് കണക്കുകള്‍. വെറും 6,000 ടാക്ക ശമ്പളത്തോടെ 1990-ല്‍ ഗ്രാമീണ്‍ ബാങ്കില്‍ കരിയര്‍ ആരംഭിച്ച യൂനിസ് എങ്ങനെയാണ് ഇത്രയും വളര്‍ന്നത് എന്ന ചോദ്യമാണ് ഷെയ്ഖ് ഹസീന ഉന്നയിച്ചത്. പുര്‍ബച്ചലില്‍ ഏകദേശം 4,080 കത്ത ഭൂമി സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്, അവിടെ നിസോര്‍ഗോ എന്ന പേരില്‍ ഒരു റിസോര്‍ട്ട് സ്ഥാപിച്ചിട്ടുണ്ടെന്നും ഷെയ്ഖ് ഹസീന പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates