

ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപിന്റെ അമേരിക്കയെ ലോകം ഉറ്റുനോക്കുന്ന സമയത്ത് രാജ്യത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ ജനവിധി ചരിത്രമാകുന്നു. ആദ്യ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി, ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ മുസ്ലിം എന്ന ഖ്യാതിയോടെയാണ് അധികാരത്തിലെത്തുന്നത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ നിലകൊള്ളുന്ന നിയമ നിര്‍മാണ സഭാംഗത്തില്‍ നിന്നും ന്യൂയോര്‍ക്കിന്റെ മേയറിലേക്കുള്ള മംദാനിയുടെ വളര്‍ച്ച അമേരിക്കയിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് ഉള്‍പ്പെടെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
ട്രംപിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്വോമോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കര്‍ട്ടിസ് സ്ലീവ എന്നിവരെ പിന്തള്ളിയാണ് മംദാനിയുടെ വിജയം. ജനുവരി 1 ന് ന്യൂയോര്‍ക്ക് മേയറായി മംദാനി ചുമതലയേല്‍ക്കുമ്പോള്‍ അമേരിക്കയുടെ ചരിത്രത്തിലും രേഖപ്പെടുത്തപ്പെടും. ആദ്യത്തെ മുസ്ലീം, ആദ്യത്തെ ഇന്ത്യന്‍ വംശജന്‍, ആഫ്രിക്കയില്‍ ജനിച്ച ആദ്യ വ്യക്തി എന്നിവയ്ക്ക് പുറമെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും മംദാനി മാറും.
ട്രംപ് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് മംദാനിയുടെ രാഷ്ട്രീയം. കാലങ്ങളായി അമേരിക്ക പിന്തുടര്‍ന്നു വന്ന മുതലാളിത്ത രാഷ്ട്രീയത്തിന് അപ്പുറത്ത് ന്യൂയോര്‍ക്ക് നഗരവും രാജ്യവും ഒരു പുതിയ രാഷ്ട്രീയ, പ്രത്യയശാസ്ത്ര യുഗത്തിലേക്ക് കൂടിയാണ് പ്രവേശിക്കുന്നത്. മുതലാളിത്തത്തിന്റെ കോട്ടയുടെ തലപ്പത്ത് ജനാധിപത്യ സോഷ്യലിസ്റ്റ് അധികാരം കയ്യാളുന്നു. ഈ നിലപാട് ഉറപ്പിക്കുന്നതായിരുന്നു മംദാനിയുടെ വിജയ പ്രസംഗവും. പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഉദ്ധരിച്ചായിരുന്നു മംദാനിയുടെ ആദ്യ പ്രസംഗം.
ഞാന്‍, ചെറുപ്പമാണ്, മുസ്ലീമാണ്, മുസ്ലീമായതിന്റെ പേരില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കില്ല. നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളാണ് ഞാന്‍ ഓര്‍ക്കുന്നത്. ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ പഴയതില്‍ നിന്ന് പുതിയതിലേക്ക് നാം കാലെടുത്തുവയ്ക്കുന്ന ഒരു നിമിഷം വരുന്നുള്ളൂ, ഒരു യുഗം അവസാനിക്കുകയും വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നു. ഇന്ന് രാത്രി, നമ്മള്‍ പഴയതില്‍ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു. അതിനാല്‍, ഈ പുതിയ യുഗം എന്ത് നല്‍കും, ആര്‍ക്കുവേണ്ടിയാണ് എന്ന് തെറ്റിദ്ധരിക്കാനാവാത്ത വ്യക്തതയോടും ബോധ്യത്തോടും കൂടി നമുക്ക് ഇപ്പോള്‍ സംസാരിക്കാം. ഇത് ന്യൂയോര്‍ക്കുകാര്‍ നമ്മള്‍ എന്ത് നേടും എന്നതിനെക്കുറിച്ച് നേതാക്കളില്‍ നിന്ന് ധീരമായ കാഴ്ചപ്പാടുകള്‍ പ്രതീക്ഷിക്കുന്ന യുഗമായിരിക്കും. അല്ലാതെ ഒഴിവു കഴിവുകളുടെ പട്ടിക നിരത്തുന്നവ ആയിരിക്കില്ല'. എന്നായിരുന്നു നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള മംദാനിയുടെ പ്രസംഗം. ന്യൂയോര്‍ക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു - കുടിയേറ്റക്കാര്‍ നിര്‍മ്മിച്ചതും കുടിയേറ്റക്കാരുടെ ശക്തിയാല്‍ പ്രവര്‍ത്തിക്കുന്നതുമായ നഗരത്തിന് കുടിയേറ്റക്കാരന്‍ നയിക്കും എന്ന് മംദാനി വ്യക്തമാക്കുന്നു. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മഹ്മൂദ് മംദാനിയുടെയും മകനാണ് മംദാനി. ഉഗാണ്ടയിലെ കമ്പാലയില്‍ ആയിരുന്നു മംദാനിയുടെ ജനനം. തന്റെ ഏഴാം വയസില്‍ ആയിരുന്നു അദ്ദേഹം കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലേക്ക് കുടിയേറിയത്. 2018 ല്‍ ആണ് മംദാനിക്ക് യുഎസ് പൗരത്വം ലഭിച്ചത്. ബ്രോങ്ക്‌സ് ഹൈസ്‌കൂള്‍ ഓഫ് സയന്‍സ്, ആഫ്രിക്കാന സ്റ്റഡീസില്‍ ബൗഡോയിന്‍ കോളേജില്‍ നിന്ന് ബിരുദം എന്നിവയാണ് മംദാനിയുടെ വിദ്യാഭ്യാസ യോഗ്യത.
കുടിയേറ്റക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആയിരുന്നു മംദാനി സാമൂഹ്യ - രാഷ്ട്രീയ രംഗത്തേക്ക് ചുവടുവയ്ച്ചത്. ക്വീന്‍സിലുടനീളമുള്ള താഴ്ന്ന വരുമാനക്കാരായ ആളുകളെ താമസ സ്ഥലങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതിന് എതിരായി മംദാനി പ്രവര്‍ത്തിച്ചു. ഫോര്‍ക്ലോഷര്‍ പ്രിവന്‍ഷന്‍ ഹൗസിംഗ് കൗണ്‍സിലറായി ആയിരുന്നു പ്രവര്‍ത്തനം. , 2020 ല്‍ അദ്ദേഹം ആദ്യമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, ആസ്റ്റോറിയ, ഡിറ്റ്മാര്‍സ്-സ്റ്റെയിന്‍വേ, ആസ്റ്റോറിയ ഹൈറ്റ്‌സ് എന്നിവയെയും മംദാനി പ്രതിനിധീകരിച്ചു.
കാലങ്ങളായി അവഗണിക്കപ്പെട്ട് കിടന്ന സമൂഹത്തിന്റെ ശബ്ദമാകും താനെന്നാണ് മംദാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ചത്. ന്യൂയോര്‍ക്ക് നിവാസികളുടെ ജീവിത 'ചെലവുകള്‍ കുറയ്ക്കുകയും ജീവിതം എളുപ്പമാക്കുകയും' ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. നഗരത്തിലെ കുറഞ്ഞ വരുമാനക്കാര്‍ക്കായി ആവശ്യമായ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനും വാടക കുറയ്ക്കുന്നതിനും ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്നും മംദാനി വ്യക്തമാക്കിയിരുന്നു.
സൗജന്യ പൊതു ഗതാഗത സംവിധാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ശിശു സംരക്ഷണം തുടങ്ങിയ പദ്ധതികളും മംദാനി വാഗ്ദാനം ചെയ്തിരുന്നു. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം തടയും തുടങ്ങിയ പ്രഖ്യാപനങ്ങളും മംദാനി മുന്നോട്ട് വച്ചിരുന്നു. 100 ബില്യണ്‍ യുഎസ് ഡോളറില്‍ കൂടുതല്‍ ബജറ്റുള്ള ന്യൂയോര്‍ക്ക് നഗരത്തെ നയിക്കാന്‍ മംദാനി യോഗ്യനാണോ എന്നാരുന്നു വിമര്‍ശകരുടെ പ്രധാന ചോദ്യം. എന്നാല്‍ 'ഈ സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍ ഞാനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്ന് ഉറപ്പിച്ച് പറയുകയാണ് മംദാനി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates