ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളും ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഇന്ധന സുരക്ഷയില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി.
നിലവില്‍ രാജ്യത്ത് 76 മുതല്‍ 80 ദിവസത്തേക്ക് ആവശ്യമായ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ശേഖരം ലഭ്യമാണെന്നും എണ്ണ വിതരണത്തില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ആഗോള ഊര്‍ജ വിപണിയില്‍ വലിയ ആശങ്കകളാണ് ഉയര്‍ന്നിരിക്കുന്നത്. പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗതപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇന്ധന ശേഖരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.
അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, എല്‍പിജി എന്നിവ ഓരോന്നിനും ഏകദേശം 60 ദിവസത്തെ ലഭ്യത നിലനിര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് അടുത്ത 30 ദിവസത്തേക്ക് അടച്ചിട്ടാല്‍പോലും ഇന്ത്യയെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അടച്ചുപൂട്ടല്‍ കൈകാര്യം ചെയ്യാവുന്നതാണെന്നും ആവശ്യമുള്ളപ്പോള്‍ അധിക എല്‍പിജി കാര്‍ഗോകള്‍ ഉറപ്പാക്കുന്നതില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പോലുള്ള പ്രധാന പങ്കാളികളുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ മുന്‍കൂട്ടി തന്ത്രപ്രധാനമായ എണ്ണ ശേഖരങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡിന്റെ (ISPRL) കീഴില്‍ വിവിധ കേന്ദ്രങ്ങളിലായി അസംസ്‌കൃത എണ്ണ സംഭരിച്ചിട്ടുണ്ടെന്നും, ഇതിന് പുറമേ പൊതുമേഖല എണ്ണക്കമ്പനികളുടെ ശേഖരങ്ങളും ലഭ്യമാണെന്ന് ഹര്‍ദീപ് സിങ് ചൂണ്ടിക്കാട്ടി. ഇതുവഴി ആഗോള വിപണിയില്‍ താല്‍ക്കാലിക തടസ്സങ്ങള്‍ ഉണ്ടായാലും ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതിയിലൂടെയാണ് ലഭ്യമാക്കുന്നത്. അതിനാല്‍ പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സൈനിക സംഭവവികാസങ്ങള്‍ രാജ്യത്തെ നേരിട്ട് ബാധിക്കാനുള്ള സാധ്യതയുണ്ട്. എങ്കിലും വിതരണ സ്രോതസുകളുെട വൈവിധ്യവത്കരണത്തിലൂടെ ഒരു മേഖലയിലെ പ്രതിസന്ധി മാത്രം ഇന്ത്യയുടെ ഇന്ധന വിതരണത്തെ കാര്യമായി ബാധിക്കാത്തവിധം പരിഹരിച്ചതായും മന്ത്രി വ്യക്തമാക്കി.
റഷ്യ, അമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ മേഖല എന്നിവിടങ്ങളില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുവഴി പരമ്പരാഗത വിതരണ മേഖലകളിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ കഴിഞ്ഞതായും സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കിലൂടെ ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണവ്യാപാരവും കടന്നുപോകുന്നതിനാല്‍ അവിടെയുള്ള ഏത് പ്രതിസന്ധിയും ആഗോള എണ്ണവില ഉയരാന്‍ കാരണമാകാം. അടുത്തിടെ എണ്ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്ത് കൂടുതല്‍ തന്ത്രപ്രധാന എണ്ണ ശേഖരണ പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭാവിയില്‍ ഇത്തരത്തിലുള്ള ആഗോള പ്രതിസന്ധികളെ നേരിടാന്‍ കൂടുതല്‍ സംഭരണ ശേഷി സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, ഇന്ധന വില വര്‍ധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ആവശ്യത്തിന് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും രാജ്യത്ത് ലഭ്യമാണെന്നും വിതരണ ശൃംഖല സാധാരണ നിലയില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates