ഇസ്ലാമബാദ്: സാമ്പത്തികം ഉൾപ്പെടെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾക്കെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് പാകിസ്ഥാനിലെ കർഷകർ. തലസ്ഥാനമായ ഇസ്ലാമബാദിലേക്ക് ഫെബ്രുവരി 14ന് മാർച്ച് ആരംഭിക്കുമെന്ന് കർഷക സംഘടനയായ കിസാൻ എത്തിഹാദ് വ്യക്തമാക്കി. മുൾട്ടാനിൽ നിന്നാണ് തലസ്ഥാനത്തേക്ക് മാർച്ച് ആരംഭിക്കുകയെന്ന് കിസാൻ എത്തിഹാദ് ചെയർമാൻ ഖാലിദ് മഹ്‌മൂദ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റാലികൾ മുൾട്ടാനിൽ സംയോജിക്കും. ഇവിടെ നിന്ന് ലാഹോറിലേക്കും തലസ്ഥാനമായ ഇസ്ലാമാബാദിലേക്കും നീങ്ങും. ഫെബ്രുവരി അവസാനത്തോടെയാണ് മാർച്ച് തലസ്ഥാനത്ത് എത്തുക. വളം, കീടനാശിനി എന്നിവയുടെ ദൗർലഭ്യം സാമ്പത്തിക മേഖലയിലെ പ്രതിസന്ധി എന്നിവ പാകിസ്ഥാനിലെ കർഷകരെ വലയ്ക്കുകയാണ്. ഇതോടെയാണ് സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ഇറങ്ങാൻ കർഷകർ നിർബന്ധിതരായത്.
രാജ്യത്തിന്റെ വിശപ്പകറ്റുന്ന കർഷകർ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ സംവിധാനങ്ങൾ ഒരിടത്തും കാണാനില്ലെന്ന് പ്രതിപക്ഷം വിമർശിക്കുന്നു. യൂറിയ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. പഞ്ചസാര, ഗ്യാസ് എന്നിവയ്ക്ക് ശേഷം ഇപ്പോൾ യൂറിയയും വലിയ വില കൊടുത്ത് വാങ്ങേണ്ടി വരുന്നു. അധികാരത്തിലുള്ളവർ ഇതിന് പരിഹാരം കാണുകയും കുറഞ്ഞ വിലയ്ക്ക് കർഷകന് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates