

റിയാദ്: സൗജന്യമായി സിം കാർഡ് നൽകാമെന്ന വ്യാജേന തൊഴിലാളുടെ ഔദ്യോഗിക രേഖകൾ കൈവശപ്പെടുത്തി തട്ടിപ്പ് നടന്നതായി പരാതി. യാംബുവിലുള്ള എട്ട് ഇന്ത്യൻ തൊഴിലാളികളാണ് തട്ടിപ്പിന് ഇരയായത്. പ്രമുഖ സിം കമ്പനിയുടെ അധികൃതർ ആണെന്ന വ്യജേന തട്ടിപ്പ് സംഘം ഇവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തുകയും പ്രത്യേക ഓഫർ എന്ന നിലയിൽ സൗജന്യമായി സിം നൽകാം വിശ്വസിപ്പിക്കുകയും ചെയ്തു. പ്രമുഖ സിം കമ്പനിയുടെ തിരിച്ചറിയൽ കാർഡും വിരലടയാള റീഡിങ് മെഷീനുകളും ലാപ്ടോപുകളും ഉൾപ്പടെയാണ് സംഘം സ്ഥലത്ത് എത്തിയത്. അത് കൊണ്ട് തൊഴിലാളികൾക്ക് സംശയം തോന്നിയതുമില്ല.
പിന്നീട് തട്ടിപ്പ് സംഘം സിം എടുക്കാൻ ആവശ്യമായ രേഖകളും കയ്യടയാളങ്ങളും ഇവരിൽ നിന്ന് ശേഖരിച്ചു. റമദാൻ ഓഫറായി ആണ് സിം സൗജന്യമായി നൽകുന്നത് എന്നും
റമദാൻ ദിനങ്ങളിൽ സിം ആക്ടിവേറ്റ് ആകുമെന്നും പറഞ്ഞ ശേഷം സംഘം മടങ്ങി. എന്നാൽ റമദാൻ കഴിഞ്ഞിട്ടും സിം ആക്റ്റിവേഷൻ ആകാത്തത് കൊണ്ട് തൊഴിലാളികൾ സിം ഉപേക്ഷിച്ചു. സൗജന്യമായി ലഭിച്ചത് കൊണ്ട് തന്നെ അവർ അത് അത്ര കാര്യമായി എടുത്തതുമില്ല.
ഒരു മാസം കഴിഞ്ഞപ്പോൾ മറ്റൊരു പ്രമുഖ ടെലിഫോൺ കമ്പനിയിൽ നിന്ന് തൊഴിലാളികൾക്ക് 92 റിയാൽ അടക്കണമെന്ന സന്ദേശം ലഭിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആ കമ്പനിയുടെ ഓഫീസിൽ എത്തിയപ്പോഴാണ് തൊഴിലാളികൾ തട്ടിപ്പിന് ഇരയായതായി മനസിലായത്. അവരുടെ തൊഴിൽ രേഖകൾ ഉപയോഗിച്ചു ഇതേ കമ്പനിയുടെ ഇന്റർനെറ്റ് മോഡം രണ്ടു വർഷത്തേക്കു ആരോ എടുത്തതായും അതിന്റെ ആദ്യ മാസത്തേ ബിൽ ആണ് 92 റിയാൽ എന്നും അധികൃതർ പറഞ്ഞു.
എന്നാൽ തങ്ങൾ ആരുമല്ല ഈ കണക്ഷൻ എടുത്തത് എന്നും ഇത് ബ്ലോക്ക് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാം എന്ന ഉറപ്പിൽ തൊഴിലാളികൾ അവിടെ നിന്ന് മടങ്ങുകയും ചെയ്തു.
എന്നാൽ എല്ലാ മാസവും പണമടക്കണമെന്ന് ആവശ്യപ്പെടുന്ന മെസേജുകൾ തുടർച്ചയായി വന്നു കൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ 1,224 റിയാൽ കുടിശികയായെന്നും ഉടൻ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ തൊഴിലാളികളെ അറിയിച്ചു. സമയ പരിധി അവസാനിച്ചതോടെ ഇത് സംബന്ധമായാ പരാതി നിയമവകുപ്പിന് കൈമാറിയതായി അറിയിച്ചുകൊണ്ടുള്ള സന്ദേശവും കൂടി ഇവർക്ക് ലഭിച്ചു.
എന്ത് ചെയ്യണമെന്ന് അറിയാതെ വന്നതോടെ തൊഴിലാളികൾ തങ്ങളുടെ കമ്പനി മാനേജ്മെന്റിനെ വിവരമറിയിച്ചു. തുടർന്ന് ഇവരുടെ കമ്പനി നിയോഗിച്ച ഉദ്യോഗസ്ഥൻ
മൊബൈൽ കമ്പനി ഓഫീസിൽ പോയി കാര്യങ്ങൾ സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. സിം കാർഡുകൾ എടുക്കുമ്പോൾ ബന്ധപ്പെട്ട കമ്പനികളുടെ ഔദ്യോഗിക ഓഫീസുകളെ സമീപിക്കണമെന്നും അല്ലെങ്കിൽ ഇത്തരത്തിലുള്ള
ചതിക്കുഴികളിൽ പെടുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി. അതെ സമയം ബില്ലുകൾ എങ്ങനെ അടക്കും എന്ന ആശങ്കയിലാണ് തൊഴിലാളികൾ.
Fraud complaint filed over misuse of workers' documents for free SIM cards In Saudi Arabia
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates