

ടെല്‍ അവീവ്: ഗാസയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മരണക്കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതെന്ന് ഇസ്രയേല്‍. ഹമാസ് പുറത്തുവിടുന്ന മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ അതിശയോക്തി നിറഞ്ഞതാണെന്ന് ഇസ്രായേലിലെ വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ ഈഡന്‍ ബാര്‍-ടാല്‍ പറഞ്ഞു. ഇത്തരം പട്ടികയില്‍ പലപേരുകളും നിരവധി തവണ ആവര്‍ത്തിക്കുന്നുണ്ടെന്നും ഈഡന്‍ ബാര്‍-ടാല്‍ ആരോപിക്കുന്നു.
മരണ സംഖ്യ ഉയര്‍ത്തിക്കാട്ടാനാണ് ഹമാസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ഗാസയിലെ മരണങ്ങള്‍ അറുപതിനായിരം പിന്നിട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഈ സംഖ്യകള്‍ അതിശയോക്തികരമാണെന്ന് പറയാന്‍ കഴിയും. അവരുടെ പട്ടികയില്‍ ഒരേ വ്യക്തികള്‍ മുന്ന് മുതല്‍ അഞ്ച് വരെ തവണ മരിക്കുന്നുണ്ട്. ഈഡന്‍ ബാര്‍-ടാല്‍ പറയുന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം മറ്റ് രാജ്യങ്ങളില്‍ കൊല്ലപ്പെടുന്ന തീവ്രവാദി-സിവിലിയന്‍ അനുപാതത്തേക്കാള്‍ കുറവാണ് എന്നും വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ അവകാശപ്പെടുന്നു.
ഗാസയില്‍ 20,000 വരെ ഹമാസ് പ്രവര്‍ത്തകര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ കണക്ക് 20000ത്തില്‍ കൂടുതലാണെന്ന് പറയേണ്ടിവരും. ഐഎസിന് എതിരെ ഇറാക്കില്‍ അമേരിക്ക നടത്തിയ സൈനിക നീക്കത്തില്‍ സിവിലിയന്‍ തീവ്രവാദി അനുപാതം വളരെ ഉയര്‍ന്നതായിരുന്നു. ഒരു തീവ്രവാദി കൊല്ലപ്പെട്ടപ്പോള്‍ 27 സാധാരണക്കാര്‍ മരിച്ചിരുന്നു. ഗാസയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ഹമാസ് പ്രവര്‍ത്തകന് ഒന്ന്, അല്ലെങ്കില്‍ രണ്ട് എന്ന നിലയില്‍ മാത്രമാണ് സിവിലിയന്‍ മരണങ്ങള്‍ ഉണ്ടായിട്ടുള്ളത് എന്നും വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ പറയുന്നു. ഇസ്രയേല്‍ ആക്രമണം സിവിലിയന്‍ മരണങ്ങളെ പ്രതിരോധിക്കുകയാണ് ചെയ്തത്. ലോകത്ത് മറ്റൊരു സൈന്യവും ഇത്രയധികം സിവിലിയന്മാരെ സംരക്ഷിച്ചിട്ടില്ലെന്നും ഈഡന്‍ ബാര്‍-ടാല്‍ പറയുന്നു.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 64,368 പലസ്തീനികള്‍ കൊല്ലപ്പെടുകയും 162,776 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗാസയിലെ ആരോഗ്യ അതോറിറ്റിയുടെ കണക്കുകള്‍. ഗാസ മേഖലയില്‍ ഇസ്രയേല്‍ നടപ്പാക്കുന്ന ഉപരോധം ഉണ്ടാക്കിയ ക്ഷാമം മൂലവു ആയിരക്കണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
