Hindu leader abducted, killed in Bangladesh
ബം​ഗ്ലാദേശിലെ ന്യൂനപക്ഷ പ്രതിഷേധംഎക്സ്

ബം​ഗ്ലാദേശിൽ ഹിന്ദുമത നേതാവിനെ നാലം​ഗ സംഘം തട്ടിക്കൊണ്ടു പോയി കൊന്നു

ന്യൂനപക്ഷ പീഡനത്തിൽ ബം​ഗ്ലാദേശിന്റെ വിശദീകരണം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
Published on

ധാക്ക: ബം​​ഗ്ലാദേശിൽ ഹിന്ദുമത നേതാവിനെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. വടക്കൻ ബം​ഗ്ലാദേശിലെ ദിനാജ്പുരിലാണ് സംഭവം. ഭാബേഷ് ചന്ദ്ര റോയിയാണ് കൊല്ലപ്പെട്ടത്. ധാക്കയിൽ നിന്നു 330 കിലോമീറ്റർ അകലെയുള്ള ബസുദേബ്പുർ ​ഗ്രാമത്തിൽ നിന്നു വ്യാഴാഴ്ച രാത്രിയാണ് ഭാബേഷ് ചന്ദ്രയെ ​ഗുരുതര പരിക്കുകളുമായി കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തട്ടിക്കൊണ്ടു പോകുന്നതിനു അര മണിക്കൂർ മുൻപ് ഭാബേഷ് ചന്ദ്രയ്ക്ക് ഒരു ഫോൺ വന്നിരുന്നു. പിന്നാലെയാണ് 4 പേർ രണ്ട് ബൈക്കുകളിലെത്തി ഭാബേഷിനെ തട്ടിക്കൊണ്ടു പോയതെന്നു അദ്ദേഹത്തിന്റെ ഭാര്യ ശാന്തന വെളിപ്പെടുത്തി. റോയിയെ നരബരി ​ഗ്രാമത്തിലെത്തിച്ചാണ് സംഘം ആക്രമിച്ചത്.

ബം​ഗ്ലാദേശിലെ പൂജ ഉദ്ജപൻ പരിഷത്തിന്റെ ബിരാൽ യൂണിറ്റ് വൈസ് പ്രസിഡന്റാണ് ഭാബേഷ് ചന്ദ്ര റോയ്. ബം​ഗ്ലാദേശിലെ പ്രാദേശിക ഹിന്ദു നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം.

സംഭവത്തിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണെന്നു ബിരാൽ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഓഫീസർ അബ്ദുസ് സബൂർ വ്യക്തമാക്കി. പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമായി അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ ന്യൂനപക്ഷമായ ഹിന്ദു സമുദായക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട ബം​ഗ്ലാദേശിന്റെ വിശദീകരണങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. ബം​ഗ്ലാദേശിലെ ന്യൂനപക്ഷ പീഡനങ്ങൾ മറച്ചു വയ്ക്കാനുള്ള നീക്കം വഞ്ചനാപരമാണെന്നു ഇന്ത്യ പ്രതികരിച്ചു. കുറ്റവാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com