ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന് ഇന്ത്യയില്‍ നിന്നൊരു വ്യാജ പോസ്റ്റ്; തൊണ്ടതൊടാതെ വിഴുങ്ങി നെതന്യാഹു, വിവാദം

എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രത്തോടൊപ്പമായിരുന്നു ഈ പോസ്റ്റ്
Benjamin Netanyahu
ബെഞ്ചമിന്‍ നെതന്യാഹു/പിടിഐ
Updated on
1 min read

വാഷിങ്ടന്‍/ ജെറുസലേം: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെ അടിസ്ഥാനമാക്കി ഇറാനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് നെതന്യാഹു നടത്തിയ അവകാശവാദത്തിന് ആധാരമായത് ഇന്ത്യയില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റാണെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്‌സ് കമാന്‍ഡര്‍ അഹമ്മദ് വഹീദി ഇറാന്റെ ആണവായുധ പദ്ധതിയെക്കുറിച്ച് നടത്തിയെന്ന പേരില്‍ ഓഗസ്റ്റ് 5നാണ് സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അമേരിക്കയും ഇസ്രായേലും ആണവായുധങ്ങള്‍ കൈവശം വെക്കുന്നിടത്തോളം കാലം തങ്ങളും അത് ഉപേക്ഷിക്കില്ല എന്നായിരുന്നു സന്ദേശം. എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രത്തോടൊപ്പമായിരുന്നു ഈ പോസ്റ്റ്. ഇതൊരു വ്യാജ സന്ദേശമാണെന്നും അങ്ങനെയൊരു പ്രസ്താവന വഹീദി നടത്തിയിട്ടില്ലെന്നും പിന്നീട് വ്യക്തമായി.

എന്നാല്‍, ഇതിനകം തന്നെ ഈ വാര്‍ത്ത വലിയ തോതില്‍ പ്രചരിച്ചുകഴിഞ്ഞിരുന്നു. ഇന്ത്യന്‍ അക്കൗണ്ടില്‍ നിന്ന് പ്രചരിച്ച ഈ പോസ്റ്റ് പെട്ടെന്നുതന്നെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇസ്രായേലിലെയും അമേരിക്കയിലെയും ഉന്നത കേന്ദ്രങ്ങളിലെത്തി. ഇസ്രായേലിലെ മുന്‍നിര വാര്‍ത്താ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്, ഇസ്രായേലിലെ മൗണ്ട് ഹെര്‍സലില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ, ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നുവെന്ന് പരസ്യമായി സമ്മതിച്ചു എന്നതിന്റെ തെളിവായി ബെഞ്ചമിന്‍ നെതന്യാഹു ഈ പോസ്റ്റ് ചൂണ്ടിക്കാണിച്ചു.

യുഎസിന്റെ ഐക്യരാഷ്ട്രസഭയിലെ മുന്‍ അംബാസഡര്‍ മൈക്ക് വാള്‍ട്‌സ്, ഫ്‌ളോറിഡ സെനറ്റര്‍ റിക്ക് സ്‌കോട്ട് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന യുഎസ് നേതാക്കളും വാര്‍ത്ത സ്ഥിരീകരിക്കാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പിന്നീട് അറിയിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണിതെന്ന് വ്യക്തമാക്കിയ ഇറാന്‍ വക്താവ് ഇസ്മായില്‍ ബഗായി, സൈനിക നടപടികള്‍ ന്യായീകരിക്കാന്‍ യുഎസും ഇസ്രായേലും ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു. വ്യാജവാര്‍ത്തയാണെന്ന് ഇറാന്‍ പ്രതികരിച്ചതോടെ നെതന്യാഹുവിന്റെ പ്രസംഗം വിവാദമായി.

Benjamin Netanyahu
അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍
Benjamin Netanyahu
ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം; ഇല്ലെങ്കിൽ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനമില്ലെന്ന് ബംഗ്ലാദേശ്
Benjamin Netanyahu
ഓട നിർമ്മാണത്തിനിടെ വിദ്യാർഥിക്ക് ലഭിച്ചത് 99 കോടിയുടെ സ്വർണ്ണശേഖരം; ബെൽജിയത്തിൽ വിസ്മയ കണ്ടെത്തൽ
Summary

How A Fake Iran Nuke Claim From Indian Account Angered Team Trump, Netanyahu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com