പണം എടുക്കാൻ എടിഎം കൗണ്ടറിൽ കയറുമ്പോൾ മെഷീനുള്ളിൽ പെരുമ്പാമ്പിനെ കണ്ടാലോ! പേടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിന്നു പോകും നമ്മിൽ ചിലർ. കഴിഞ്ഞ ദിവസം എടിഎമ്മിനുള്ളിൽ കടന്നുകയറി താമസമാക്കിയ കൂറ്റൻ പെരുമ്പാമ്പിനെ ഉപഭോക്താക്കളിലൊരാളുടെ ഇടപെടലിലൂടെ അവിടെ നിന്ന് സുരക്ഷിതമായി മാറ്റി. തായ്ലൻഡിലാണ് എടിഎം മെഷീനിൽ താമസമുറപ്പിച്ച പെരുമ്പാമ്പിനെ പിടികൂടി സുരക്ഷിതമായി മാറ്റിയത്.
തെക്കൻ തായ്‌ലൻഡിലെ സൂററ്റ് താനി പ്രവിശ്യയിലാണ് സംഭവം. എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ ഉപഭോക്താക്കളിൽ ഒരാളാണ് പെരുമ്പാമ്പിനെ കണ്ടത്. പണം പിൻവലിക്കുന്നതിനിടെ മെഷീനിനുള്ളിൽ എന്തോ ശക്തമായി അനങ്ങുന്ന ശബ്ദം കേട്ടു. പാമ്പാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് അദ്ദേഹം മൃഗ സംരക്ഷണ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ പാമ്പ് പിടുത്തക്കാർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഒരു വമ്പൻ പെരുമ്പാമ്പ് എടിഎം മെഷീനിന്നുള്ളിൽ കയറികൂടിയതായി കണ്ടെത്തിയത്.
പണം ഡെപ്പോസിറ്റ് ചെയ്യാനുള്ള മെഷീനും പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാനുള്ള മെഷീനും അടുത്തടുത്താണ് സ്ഥാപിച്ചിരുന്നത്. ഇടുങ്ങിയ കൗണ്ടറുകളിൽ നിന്നുകൊണ്ട് പാമ്പിനെ തിരയാൻ ഇവർക്ക് നന്നേ കഷ്ടപ്പെടേണ്ടി വന്നു. മെഷീനിനുള്ളിൽ കയറിക്കൂടിയത് പെരുമ്പാമ്പാണെന്നറിഞ്ഞതോടെ അമ്പരന്നു പോയതായി പാമ്പ് പിടുത്തക്കാരും വ്യക്തമാക്കി. മൂന്ന് പേർ ചേർന്ന് ഏറെനേരം പരിശ്രമിച്ച ശേഷമാണ് പാമ്പിനെ മെഷീനുള്ളിൽ നിന്നു പുറത്തെടുത്തത്.
റെറ്റിക്കുലേറ്റഡ് പൈതൺ വിഭാത്തിൽപെട്ട 12 അടി നീളമുള്ള പെരുമ്പാമ്പിനെയാണ് പുറത്തെടുത്തത്. അല്പം തണുപ്പുള്ള കാലാവസ്ഥയായതിനാൽ ചൂടുള്ളതും നനവില്ലാത്തതുമായ സ്ഥലം തേടിയാവാം പെരുമ്പാമ്പ് എടിഎം മെഷീനിനുള്ളിൽ കയറിയതെന്ന് സ്നേക്ക് റെസ്ക്യു സംഘത്തിലെ അംഗങ്ങൾ വ്യക്തമാക്കി. എങ്കിലും നഗരത്തിന് നടുവിലുള്ള എടിഎമ്മിൽ ആരുടേയും കണ്ണിൽപ്പെടാതെ പാമ്പ് എങ്ങനെ ഇതിനകത്ത് കയറി എന്നതാണ് ഏവരുടെയും സംശയം.
പുറത്തെടുത്ത ശേഷം ബാഗിനുള്ളിലാക്കിയ പെരുമ്പാമ്പിനെ സുരക്ഷിതമായി വനമേഖലയിൽ തുറന്നുവിട്ടു. തെക്കുകിഴക്കൻ ഏഷ്യയിൽ ധാരാളമായി കണ്ടുവരുന്ന ഇനമാണ് റെറ്റിക്കുലേറ്റഡ് പൈതൺ. തായ്‌ലൻഡിലാകട്ടെ വനത്തിന്റെ സമീപപ്രദേശങ്ങളിലും കനാലുകളിലും ചതുപ്പുനിലങ്ങളുമൊക്കെ ഇവയെ ധാരാളമായി കാണാറുണ്ട്. മനുഷ്യനെ വിഴുങ്ങാൻ തക്ക വലുപ്പമുള്ള ഇവ സാധാരണയായി പൂച്ചകളെയും നായകളെയും പക്ഷികളെയും എലികളെയും മറ്റു പാമ്പുകളെയുമൊക്കെയാണ് ഭക്ഷണമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates