

ന്യൂഡല്‍ഹി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ന്യൂസിലന്‍ഡും. ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കരാറില്‍ ഒപ്പുവച്ചു. തലമുറയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ചരിത്രപരമായ കരാറെന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ഇതിനെ വിശേഷിപ്പിച്ചത്.
കരാറിലൂടെ 8284 ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ തീരുവയില്ലാതെ ന്യൂസിലന്‍ഡിലെത്തും - തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, ഫര്‍ണിച്ചറുകള്‍, തുകല്‍, പാദരക്ഷകള്‍, പ്ലാസ്റ്റിക്, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലെ ഉല്‍പന്നങ്ങള്‍ക്ക് ഇനി തീരുവയില്ല.
ഐടി, ഐടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, വിദ്യാഭ്യാസം, സാമ്പത്തിക സേവനം, ടൂറിസം, നിര്‍മാണം, പ്രഫഷണല്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രവേശനം. ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഡിവൈസ് മേഖലയിലെ ഇന്ത്യന്‍ കമ്പനികള്‍ക്കും കൂടുതല്‍ അവസരം. ഇന്ത്യന്‍ മരുന്നുകള്‍ക്ക് രാജ്യാന്തര ഏജന്‍സികള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ ന്യൂസിലന്‍ഡും അംഗീകരിക്കും. ആയുര്‍വേദം, യൂനാനി പോലുള്ള ആയുഷ് ചികിത്സാ രീതികള്‍ക്കും ന്യൂസിലന്‍ഡ് അംഗീകാരം നല്‍കും.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലന്‍ഡ് ഇന്ത്യയില്‍ 2000 കോടി ഡോളറിന്റെ (ഏകദേശം 1.8 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തും. ഇന്ത്യന്‍ നിര്‍മിത വൈന്‍, സ്പിരിറ്റ് എന്നിവയ്ക്കും ഇനി ന്യൂസിലന്‍ഡില്‍ തീരുവയില്ല.
പ്രതിവര്‍ഷം 1667 ഇന്ത്യക്കാര്‍ക്ക് 3 വര്‍ഷത്തെ താല്‍കാലിക തൊഴില്‍ വിസ അനുവദിക്കും. പരമാവധി 5,000 വിസകളാണ് ഇങ്ങനെ അനുവദിക്കുക. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20-25 മണിക്കൂര്‍ വരെ ജോലി ചെയ്യാനും അവസരം ലഭിക്കും. എല്ലാ വര്‍ഷവും ഇന്ത്യക്കാര്‍ക്ക് 1000 വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസകളും അനുവദിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates