

ന്യൂയോര്‍ക്ക്: ലുഫ്താന്‍സ വിമാനത്തില്‍ സഹയാത്രികരെ കുത്തി പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) ആണ് യുഎസില്‍ അറസ്റ്റിലായിരിക്കുന്നത്.
ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുകയായിരുന്ന എല്‍എച്ച് 431 വിമാനത്തില്‍ രണ്ട് കൗമാരക്കാരായ യാത്രക്കാരെ മെറ്റല്‍ ഫോര്‍ക്ക് ഉപയോഗിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യാത്രക്കാരെ ആക്രമിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ട് ബോസ്റ്റണില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.
ഈ മാസം 25നാണ് സംഭവം നടന്നത്. വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്തിനുള്ളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭക്ഷണവിതരണത്തിന് ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന 17 വയസ്സുള്ള ഒരു കൗമാരക്കാരന്‍ ഉണര്‍ന്നപ്പോള്‍ പ്രണീത് കുമാര്‍ അടുത്ത് നില്‍ക്കുന്നത് കണ്ടു. പ്രകോപനമില്ലാതെ, ഇയാള്‍ കൗമാരക്കാരന്റെ തോളെല്ലിന്റെ ഭാഗത്ത് മെറ്റല്‍ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തിരുന്ന 17 വയസ്സുകാരനെയും ആക്രമിച്ചു. അതേ ഫോര്‍ക്ക് ഉപയോഗിച്ച് തലയുടെ പിന്‍ഭാഗത്ത് കുത്തുകയായിരുന്നു. യാത്രക്കാരന് തലയില്‍ മുറിവേറ്റിട്ടുണ്ട്. വിമാനം നിലത്തിറങ്ങിയ ഉടന്‍ പ്രതിയെ എഫ്ബിഐ, മാസച്യുസിറ്റ്സ് സ്റ്റേറ്റ് പൊലീസ് എന്നിവരുടെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
'മാരകായുധം ഉപയോഗിച്ച് ശാരീരിക ഉപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചു' എന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് യുഎസ്. ഡിസ്ട്രിക്റ്റ് കോടതിയില്‍ ഇയാള്‍ക്കെതിരെ ഫെഡറല്‍ കുറ്റം ചുമത്തി. ഈ കുറ്റത്തിന് പരമാവധി 10 വര്‍ഷം വരെ തടവും 250,000 ഡോളര്‍ വരെ പിഴയും ലഭിക്കാവുന്നതാണ്. വിമാന യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച കേസില്‍ ബോസ്റ്റണ്‍ കോടതിയില്‍ തുടര്‍ നിയമനടപടികള്‍ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
