

ടെഹ്റാൻ: യു.എസുമായുള്ള സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഇറാന്റെ പ്രതിനിധികൾ നേരിടുന്ന സുരക്ഷാ ഭീഷണികളെയും ഭയത്തെയും കുറിച്ച് മനസ് തുറന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങൾ പങ്കുവെക്കവേയാണ്, അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികൾ നയതന്ത്ര പ്രതിനിധികൾക്ക് എത്രത്തോളം പ്രതികൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. മേഹർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാൻ -അമേരിക്ക ചർച്ചകളിലെ പ്രധാനി കൂടിയായ അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യപൂർവേഷ്യൻ സമാധാന ചർച്ചകൾക്കിടയിൽ ഇറാന്റെ നയതന്ത്ര സംഘം നേരിടുന്ന അതിരൂക്ഷമായ ആശങ്കകളെക്കുറിച്ചാണ് അരാഗ്ചി വിറ്റ്കോഫിനോട് ചോദിച്ചത്:
"ഏതു നിമിഷവും ഈ ചർച്ച നടക്കുന്ന സ്ഥലം ബോംബിട്ട് തകർക്കപ്പെട്ടേക്കാം എന്ന ഭയത്തോടെ നിങ്ങൾ എപ്പോഴെങ്കിലും ഒരു മീറ്റിംഗിൽ ഇരുന്നിട്ടുണ്ടോ? അല്ലെങ്കിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടേക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉദാഹരണത്തിന്, ഫോണിൽ സ്വന്തം കുടുംബത്തിന്റെ വിവരങ്ങൾ തിരക്കുമ്പോൾ, ഇത് അവർക്ക് വിളിക്കുന്ന അവസാനത്തെ ഫോൺ കോളായിരിക്കാം എന്ന് നിങ്ങൾ എപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ?" അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ഉയരുന്ന നിരന്തരമായ ഭീഷണി സന്ദേശങ്ങളാണ് ഈ ഭയത്തിന് അടിത്തറയെന്ന് അരാഗ്ചി ഓർമ്മിപ്പിച്ചു.
നിരന്തരമായ ഭീഷണികൾ നേരിടുമ്പോഴും യു.എസിന്റെയും സഖ്യകക്ഷികളുടെയും അനീതി നിറഞ്ഞ ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങാൻ ടെഹ്റാൻ തയ്യാറായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നയതന്ത്ര ചർച്ചകളിലൂടെ ഇറാന് മേൽ വിജയം നേടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ശത്രുക്കൾ യുദ്ധത്തിലേക്ക് നീങ്ങിയതെന്ന് അദ്ദേഹം ആരോപിച്ചു. "ചർച്ചകളിൽ നിങ്ങൾ സംസാരിക്കുക തന്നെ വേണം. അല്ലാതെ ഞങ്ങളെ ഭീഷണിപ്പെടുത്താനോ, പണം നൽകി വിലയ്ക്കുവാങ്ങാനോ കഴിയില്ല," അരാഗ്ചി വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് ആണവ ചർച്ചകൾക്കായി അമേരിക്ക ആദ്യമായി ഇറാനുമായി ബന്ധപ്പെട്ടതെന്നും അന്നുമുതൽ പല ഘട്ടങ്ങളിലായി വാർത്താവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ശത്രുക്കൾ പരാജയപ്പെട്ടുവെന്നും അമേരിക്കയുടെ ഭീഷണികളെ ഇറാൻ ഭയപ്പെടുന്നില്ലെന്നും അരാഗ്ചി ആവർത്തിച്ചു.
സൈനിക ശക്തി ഉപയോഗിച്ച് ഇറാനെ മുട്ടുകുത്തിക്കാമെന്ന വാഷിംഗ്ടണിന്റെ ധാരണയെ അരാഗ്ചി പൂർണ്ണമായും തള്ളിപ്പറഞ്ഞു. വെനസ്വേലയിൽ ജനുവരിയിൽ നടത്തിയ സൈനിക നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കി ഭരണകൂടത്തെ അട്ടിമറിച്ച ഉദാഹരണം ചൂണ്ടിക്കാട്ടിയ അരാഗ്ചി, ഇറാൻ വെനസ്വേലയെപ്പോലെയല്ലെന്ന് ഓർമ്മിപ്പിച്ചു. ഒറ്റ വ്യക്തി കേന്ദ്രീകൃതമായ ഭരണസംവിധാനമല്ല ഇറാനിലുള്ളതെന്നും, അതിനാൽ ഒരു നേതാവിനെ നീക്കം ചെയ്തതുകൊണ്ട് ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകർത്തുകളയാമെന്ന് അമേരിക്ക കരുതേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates