

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധ ഭീതി വര്‍ധിപ്പിച്ച് ഇസ്രയേല്‍ - ഇറാന്‍ ( Israel-Iran conflict) സംഘര്‍ഷം വ്യാപിക്കുന്നു. ഡ്രോണ്‍ മിസൈല്‍ ആക്രമണങ്ങളുമായി ഇസ്രയേലും ഇറാനും നടപടികള്‍ കടുപ്പിക്കുമ്പോള്‍ മരണ സംഖ്യയും ഉയരുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 78 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്‍ നല്‍കുന്ന പ്രതികരണം. മുന്നൂറില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്റെ തിരിച്ചടികളില്‍ ഇസ്രയേലില്‍ നാല് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന സൂചനയാണ് ഇരുരാജ്യങ്ങളിലെയും നേതാക്കളുടെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. ജറുസലേമിന് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളോട് പ്രതികരിച്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കറ്റ്‌സിന്റെ വാക്കുകള്‍ ഇതിന്റെ സൂചന നല്‍കുന്നു. ഇറാന്‍ ആക്രമണം തുടര്‍ന്നാണ് ടെഹ്‌റാന്‍ അഗ്നിക്കിരയാക്കും എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ താക്കീത്. ആക്രമണങ്ങള്‍ക്ക് ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ഇസ്രയേലിനെ സഹായിക്കുന്ന എല്ലാവരെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. വേണ്ടിവന്നാല്‍ പശ്ചിമേഷ്യന്‍ മേഖലയിലെ യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഗോളതലത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ഇടപെട്ടാണ് പ്രശ്‌ന പരിഹാരത്തിന് നീക്കം നടത്തുന്നത്. ഇയു വിദേശകാര്യ നയ മേധാവി കാജ കല്ലാസ് ഇറാനിയന്‍ വിദേശ കാര്യ മന്ത്രിയുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, നയതന്ത്ര ഇടപെടലിനുള്ള സാധ്യതയില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ പ്രതികരണം. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയിലാണ് ഇറാന്‍ നിലപാട് അറിയിച്ചത്. ഇറാനോട് അനുഭാവം പ്രകടിപ്പിച്ച ഇന്ത്യന്‍ നിലപാടിന് ഇറാന്‍ പ്രതിരോധ മന്ത്രി സയ്യദ് അബ്ബാസ് അര്ഗാച്ചി നന്ദി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയുമായി ആണവ ചര്‍ച്ചയ്ക്ക് സാഹചര്യമില്ലെന്നും ഇറാന്‍ വ്യക്തമാക്കുന്നു.
ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ടെല്‍ അവീവ്, ജറുസലേം, മേഖലകളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെഹറാനില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്ഫഹാനിലെ ഒരു ആണവ കേന്ദ്രം ഉള്‍പ്പെടെ 150 ലധികം ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് നല്‍കുന്ന വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates