വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും സമഗ്രമായൊരു സമാധാന കരാറിലേക്കുള്ള വഴിയൊരുക്കുന്നതിനുമായി തയ്യാറാക്കിയ രഹസ്യ ധാരണാപത്രത്തിന്റെ (MoU) വിശദാംശങ്ങള്‍ പുറത്ത്.
കരാറിന്റെ പൂര്‍ണരൂപം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും, 14 പ്രധാന വ്യവസ്ഥകള്‍ അടങ്ങിയ കരട് രേഖയുടെ ഉള്ളടക്കം ബ്ലൂംബെര്‍ഗ് ന്യൂസ്, അല്‍ അറബിയ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു.
റിപ്പോര്‍ട്ടു പ്രകാരം, അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനു പുറമേ ലബനില്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കണമെന്നും ധാരണാപത്രത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഒപ്പം ഇറാനെതിരായി അമേരിക്ക ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധങ്ങളില്‍ താത്കാലിക ഇളവു നല്‍കണമെന്നും ആവശ്യമുണ്ട്.
ധാരണപത്രത്തിലെ സുപ്രധാന നിര്‍ദേശങ്ങള്‍ :
1. ലെബനനിലെ യുദ്ധമടക്കം ഇരു മുന്നണികളിലെയും എല്ലായുദ്ധങ്ങളും ഉടന്‍ അവസാനിപ്പിക്കണം. 'ഇനി മുതല്‍, പരസ്പരം ശത്രുതാപരമായ നടപടി സ്വീകരിക്കില്ലെന്നും പരസ്പരം ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കുമെന്നും' ഉറപ്പുനല്‍കുന്നു. ഇവിടെ ഇസ്രയേലിനെ നേരിട്ടു പരാമര്‍ശിക്കുന്നില്ലെങ്കിലും 'സഖ്യകക്ഷികള്‍' എന്ന പരാമര്‍ശം ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതും കരാറിന്റെ ഭാഗമാണെന്ന സൂചന നല്‍കുന്നുണ്ട്.
2. അമേരിക്കയും ഇറാനും പരസ്പരം ഇരുവരുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുകയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുമെന്ന് കരാറില്‍ സമ്മതിച്ചിട്ടുണ്ട്.
3. ധാരണപത്രത്തില്‍ ഒപ്പുവെച്ച് പരമാവധി 60 ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി അന്തിമ കരാറിലെത്തണം. പരസ്പര സമ്മതത്തോടെ ഈ കാലാവധി നീട്ടാവുന്നതാണ്.
4. കരാറിന്റെ ഭാഗമായി അമേരിക്ക ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഉടന്‍ പിന്‍വലിക്കും. അന്തിമ കരാര്‍ നിലവില്‍ വന്നതിനു 30 ദിവസത്തിനകം മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനുള്ള നടപടികളും ആരംഭിക്കുമെന്ന് രേഖയില്‍ പറയുന്നു.
5. ഹേര്‍മുസ് കടലിടുക്കിലൂടെയുള്ള വ്യാപാരക്കപ്പലുകളുടെ ഗതാഗതം 30 ദിവസത്തിനുള്ളില്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഇറാനും കൈക്കൊള്ളും. യുദ്ധത്തിനു മുന്‍പുള്ള നിലയിലേക്ക് കപ്പല്‍ ഗതഗതം തിരിച്ചെത്തിക്കും. ആഗോള എണ്ണവിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഹോര്‍മുസ് കടലിടുക്കിന്റെ സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്നത് ലോക സമ്പദ് വ്യവസ്ഥക്ക് വലിയ ആശ്വാസമാകും.
6. ഇറാന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനായി അമേരിക്കയും പ്രാദേശിക സഖ്യകക്ഷികളും ചേര്‍ന്ന് കുറഞ്ഞത് 300 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിക്ക് രൂപം നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്തിമ കരാറിന്റെ ഭാഗമായി ഈ പദ്ധതി നടപ്പാക്കാനുള്ള സംവിധാനം 60 ദിവസത്തിനുള്ളില്‍ രൂപീകരിക്കുകയും വേണം. ഇറാന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
7. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (IAEA) ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് എന്നിവയുള്‍പ്പെടെ ഇറാനെതിരായ 'എല്ലാത്തരം ഉപരോധങ്ങളും', പ്രാഥമികവും ദ്വിതീയവുമായ എല്ലാ ഏകപക്ഷീയമായ യുഎസ് ഉപരോധങ്ങളും 'അന്തിമ കരാറിന്റെ ഭാഗമായി അംഗീകരിക്കേണ്ട ഒരു ഷെഡ്യൂള്‍' പ്രകാരം അവസാനിപ്പിക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണ്. അതുവരെ ഇറാനിയന്‍ ക്രൂഡ് ഓയില്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് പ്രത്യേക ഇളവുകളും നല്‍കും.
8. ഒരിക്കലും ആണവായുധം നിര്‍മ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് ഇറാന്‍ വീണ്ടും ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇറാന്റെ കൈവശമുള്ള ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ വ്യക്തമായ പരിഹാരം രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ അന്തിമ കരാറിലേക്ക് നീളുമെന്നാണ് റിപ്പോര്‍ട്ട്.
9. അന്തിമ കരാര്‍ ഒപ്പുവച്ചതിനുശേഷം, ഇരുരാജ്യങ്ങളും നിലവിലുള്ള സ്ഥിതി തുടരുമെന്ന് സമ്മതിക്കും. ഇറാന്റെ ആണവ പദ്ധതി നിലവിലുള്ള സ്ഥിതിയില്‍ തുടരും. കൂടാതെ അമേരിക്ക ഇറാനുമേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയോ മേഖലയില്‍ തങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തുകയോ ചെയ്യുകയുമില്ല.
10. ഉപരോധം പിന്‍വലിക്കുന്ന തീയതി വരെ ഇറാനിയന്‍ അസംസ്‌കൃത എണ്ണ, പെട്രോക്കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, അവയുടെ ഡെറിവേറ്റീവുകള്‍ എന്നിവയുടെ കയറ്റുമതിക്കും, ബാങ്കിങ്, ഇന്‍ഷുറന്‍സ് ഗതാഗതം തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ക്കും ഉപരോധം പിന്‍വലിക്കുന്ന തീയതി വരെ അമേരിക്ക ഇളവുകള്‍ നല്‍കും.
11. കരാറിന്റെ ഭാഗമായി അമേരിക്ക ഇറാന്റെ മരവിപ്പിച്ചിട്ടുള്ള സാമ്പത്തിക ആസ്തികളും ഫണ്ടുകളും ക്രമേണ വിട്ടുനല്‍കുമെന്നും അവ ഇറാന്റെ കേന്ദ്രബാങ്കിന്റെ നിയന്ത്രണത്തില്‍ ഉപയോഗിക്കാനാകുമെന്നും പറയുന്നു. കരാറിന്റെ നടപ്പാക്കല്‍ മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംവിധാനം രൂപീകരിക്കുമെന്നും ധാരണാപത്രം വ്യക്തമാക്കുന്നു.
12. അന്തിമ കരാറിന്റെ വിജയകരമായ നടത്തിപ്പിനും ഭാവിയിലും പുലര്‍ത്തേണ്ട പ്രതിബദ്ധതയ്ക്കും മേല്‍നോട്ടം വഹിക്കുന്നതിനായി പ്രത്യക സംവിധാനം സ്ഥാപിക്കുമെന്നും ഇറാനും യുഎസും സമ്മതിക്കുന്നു.
13. ആര്‍ട്ടിക്കിള്‍ 4, 5, 10, 11 എന്നിവയുടെ നടപ്പാക്കല്‍ ആരംഭിക്കുന്നത് സംബന്ധിച്ച ഉറപ്പു ലഭിച്ച ശേഷം, ശേഷിക്കുന്ന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും ഇറാനും യുഎസും അന്തിമ കരാറിനായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയെന്നും ധാരണാപത്രത്തില്‍ പറയുന്നു.
14. അന്തിമ സമാധാന കരാര്‍ നിലവില്‍ വന്നാല്‍ അത് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ബന്ധിത പ്രമേയത്തിലൂടെ അംഗീകരിക്കുമെന്നതും ശ്രദ്ധേയമാണ്. അതുവഴി കരാറിന് അന്താരാഷ്ട്ര നിയമപരമായ അംഗീകാരം ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates