

ജറുസലേം: ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാര്‍ ഇസ്രയേല്‍ സമ്പൂര്‍ണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കരാറിന് അംഗീകാരം നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ബന്ദികളുടെ മോചനത്തിനുള്ള കരാര്‍ ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചതിനു ശേഷമാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേര്‍ന്നത്. 11 അംഗ സുരക്ഷാ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നല്‍കിയത്. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്.
ഇസ്രയേല്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ട 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേല്‍ മോചിപ്പിക്കും. ഞായറാഴ്ചത്തെ മോചിപ്പിക്കേണ്ട 95 പലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രയേല്‍ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഇതിനിടെ വെടിനിര്‍ത്തല്‍ ധാരണയായെന്നു വ്യാഴാഴ്ച ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ത്താനി പ്രഖ്യാപിച്ചു. പക്ഷേ, ഇനിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്ന് ഇസ്രയേല്‍ നിലപാടെടുക്കുകയും ചെയ്തു.
ഹമാസുമായി ഉടമ്പടി വച്ചാല്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്നു തീവ്രനിലപാടുകാരായ ഘടകകക്ഷികള്‍ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കിയിരുന്നു. ദേശീയസുരക്ഷാ മന്ത്രി ഇതമാര്‍ ബെന്‍ഗ്വിര്‍, ധനമന്ത്രി ബസലേല്‍ സ്‌മോട്രിച് എന്നിവര്‍ രാജിഭീഷണി മുഴക്കിയെങ്കിലും മന്ത്രിസഭയില്‍ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ളതിനാല്‍ മുന്നോട്ടുപോകാന്‍ നെതന്യാഹു തീരുമാനിക്കുകയായിരുന്നു. മറ്റന്നാള്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കും മുമ്പ് കരാര്‍ അന്തിമമാക്കാന്‍ യുഎസിന്റെ സമ്മര്‍ദമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates