ടോക്കിയോ : ജപ്പാനെ വിറപ്പിച്ച് വീണ്ടും അതിതീവ്ര ഭൂചലനം. വടക്കൻ ജപ്പാനിലെ സാൻറികു തീരത്താണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതേതുടർന്ന് മൂന്നു മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞുവീശിയേക്കാമെന്നും സുനാമി സാധ്യതയുണ്ടെന്നും ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു. ഈ പ്രദേശങ്ങളിലെ താമസക്കാരോട് ഉടൻതന്നെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ടതായി ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 4:53 നാണ് (ഇന്ത്യൻ സമയം ഉച്ചക്ക് 1:23) റിക്ടർ സ്കെയിലിൽ 7.4 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമുണ്ടായത്. പ്രഭവകേന്ദ്രം പസഫിക് സമുദ്രത്തിലാണ്. പത്ത് കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനം നൂറുകിലോമീറ്ററോളം അകലെയുള്ള ടോക്കിയോ നഗരത്തിലടക്കം പ്രകമ്പനമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. പസഫിക്കിന്റെ തീരപ്രദേശങ്ങളായ ഹോക്കൈഡോ, അമോറി എന്നിവിടങ്ങളിലാണ് സുനാമി സാധ്യത കൂടുതലുള്ളതെന്നും ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി അറിയിച്ചിട്ടുണ്ട്.
ഭൂചലനത്തെത്തുടർന്ന് ജപ്പാനിലെ തീരപ്രദേശങ്ങളിൽ സുനാമിയുടെ ആദ്യ തിരകൾ കണ്ടതായി ജപ്പാൻ മാധ്യമമായ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. നിലവിൽ അമോറി - ടോക്കിയോ ബുള്ളെറ്റ് ട്രെയിൻ സർവീസുകളടക്കം നിർത്തിവെച്ചിരിക്കുകയാണ്.
തീരദേശ മേഖലകളിലോ പുഴയോരങ്ങളിലോ താമസിക്കുന്നവർ ഉടൻതന്നെ ഉയർന്ന നിലങ്ങളിലേക്കോ ഒഴിപ്പിക്കൽ കെട്ടിടങ്ങളിലേക്കോ മറ്റ് സുരക്ഷിതസ്ഥാനങ്ങളിലേക്കോ മാറണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുംവരെ സുരക്ഷിതസ്ഥാനങ്ങൾ വിട്ട് പോകരുതെന്നും ജപ്പാൻ പ്രധാനമന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates