ജീവിതത്തില്‍ ഒരു തവണയെങ്കിലും മറവി സംഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. പലപ്പോഴും കൈയില്‍ കരുതുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ മറന്നുവെയ്ക്കുന്നതാണ് സാധാരണയായി സംഭവിക്കാറ്. തായ്‌ലന്‍ഡില്‍ റോഡ് ട്രിപ്പിനിടെ ഭര്‍ത്താവിന്റെ മറവി കാരണം ഭാര്യയ്ക്ക് നടക്കേണ്ടി വന്നത് 20 കിലോമീറ്ററാണ്.
മഹാ സാരഖം പ്രവിശ്യയില്‍ അവധിക്കാലം ആഘോഷിക്കാനായി റോഡ് ട്രിപ്പ് തെരഞ്ഞെടുത്ത 55കാരനായ ബൂണ്ടം ചൈമൂണിനും 49കാരിയായ ഭാര്യ അമ്‌നുവായ് ചൈമൂണിനും യാത്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം വിട്ടുമാറുന്നുണ്ടാവില്ല. വഴിയില്‍ ഉപേക്ഷിച്ച് കാറുമായി പോയ ഭര്‍ത്താവിനെ തേടി അമ്‌നുവായ് നടന്നത് ഏകദേശം 22 കിലോമീറ്റര്‍ ദൂരമാണ്.
റോഡ് ട്രിപ്പിനിടെ വിശ്രമത്തിനായാണ് ബൂണ്ടം വാഹനം നിര്‍ത്തിയത്. റോഡരികിലാണ് വാഹനം പാര്‍ക്ക് ചെയ്തത്. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായാണ് വാഹനം നിര്‍ത്തിയത്. ഈസമയത്ത് ഭാര്യയും വാഹനത്തില്‍ നിന്ന് ഇറങ്ങി. അമ്‌നുവായ് തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിനെയും കാറും കണ്ടില്ലെന്നാണ് അമ്‌നുവായ് പറയുന്നത്.
അമ്‌നുവായ് കാറില്‍ നിന്ന് ഇറങ്ങിയ കാര്യം ശ്രദ്ധിക്കാതെ, ബൂണ്ടം വാഹനം ഓടിച്ചുപോകുകയായിരുന്നു. പ്രദേശത്ത് ഒറ്റപ്പെട്ട് പോയ ഭാര്യയ്ക്ക് മൊബൈല്‍ സൂക്ഷിച്ചിരുന്ന ബാഗ് കാറിലായിരുന്നത് കൊണ്ട് ഭര്‍ത്താവിനെ ബന്ധപ്പെടാനും സാധിച്ചില്ല. നേരം ഇരുട്ടിയതോടെ, ഭയന്ന അമ്‌നുവായ് നടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
20 കിലോമീറ്റര്‍ നടന്ന് തൊട്ടടുത്ത ജില്ലയായ കബിന്‍ ബുരിയില്‍ എത്തി. അവിടെ വച്ച് പൊലീസിന്റെ സഹായം തേടി. എന്നാല്‍ ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ ഓര്‍ക്കാന്‍ കഴിയാതെ വന്നതോടെ, വീണ്ടും പരുങ്ങലിലായി. രാത്രിയോട് കൂടി പൊലീസ് ഭര്‍ത്താവിന്റെ നമ്പര്‍ അന്വേഷിച്ച് കണ്ടെത്തി വിളിച്ചു അറിയിക്കുകയായിരുന്നു.
ബാക്ക് സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരിക്കും എന്ന ധാരണയിലാണ് വാഹനം ഓടിച്ച് പോയതെന്ന് ഭര്‍ത്താവ് പറയുന്നു. അതിനിടെ 159 കിലോമീറ്ററാണ് ഭര്‍ത്താവ് ഒറ്റയ്ക്ക് സഞ്ചരിച്ചത്. വാഹനത്തില്‍ ഭാര്യയില്ല എന്ന് തിരിച്ചറിഞ്ഞതോടെ, തിരിച്ചുവരികയായിരുന്നു എന്നാണ് ഭര്‍ത്താവ് പറയുന്നത്. ഭാര്യയെ തിരികെ കിട്ടിയപ്പോള്‍ തന്നെ ഭര്‍ത്താവ് ക്ഷമാപണവും നടത്തി. 27 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates