

അബുദാബി: ഗംഗയില്‍ നിന്നും യമുനയില്‍ നിന്നും പുണ്യജലം, രാജസ്ഥാനില്‍ നിന്നുള്ള പിങ്ക് മണല്‍ക്കല്ലുകള്‍, രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ സുപ്രധാന നിമിഷങ്ങള്‍ ചിത്രീകരിക്കുന്ന ഗോപുരങ്ങള്‍. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
ക്ഷേത്രത്തിന്റെ ഇരുവശത്തും ഇന്ത്യയില്‍ നിന്ന് വലിയ പാത്രങ്ങളില്‍ കൊണ്ടുവന്ന പുണ്യജലമാണ് ഒഴുകുന്നത്. ഗംഗയില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന ഭാഗത്ത് ഘാട്ടിന്റെ ആകൃതിയിലുള്ള ഒരു ആംഫി തിയേറ്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഇരിക്കാനും ധ്യാനിക്കാനും വാരാണസിയിലെ ഘാട്ടിനോട് സാമ്യമുള്ളതാണിത്. ക്ഷേത്രത്തിലേക്ക് കല്ലുകള്‍ കയറ്റി കൊണ്ടുപോയ മരത്തടികളും പാത്രങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍ മറ്റൊരു ആകര്‍ഷണമാണ്.
ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിലെ 27 ഏക്കര്‍ സ്ഥലത്ത് ബിഎപിഎസ് സ്വാമിനാരായണന്‍ സന്‍സ്തയാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കരകൗശല വിദഗ്ധര്‍ 25,000-ലധികം ശിലകള്‍ കൊണ്ട് നിര്‍മ്മിച്ച, മണല്‍ക്കല്ലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ മാര്‍ബിള്‍ കൊത്തുപണികളാണ് ക്ഷേത്രത്തിന്റെ മുന്‍വശത്ത്.
ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി 700 ലധികം കണ്ടെയ്നറുകളിലായി രണ്ട് ലക്ഷം ക്യുബിക് അടിയിലധികം കല്ലുകള്‍ എത്തിച്ചതായി ക്ഷേത്ര നിര്‍മ്മാണത്തില്‍ ലോജിസ്റ്റിക് വിഭാഗത്തിന്റെ ചുമതലക്കാരനായ വിശാല്‍ ബ്രഹ്മഭട്ട് പിടിഐയോട് പറഞ്ഞു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് യുഎഇയില്‍ എത്തുന്നത്. ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനു പുറമേ അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
