ഇസ്രയേലില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാൻ നീക്കവുമായി നെതന്യാഹു; പ്രധാനമന്ത്രി പദം ആദ്യം ഐസന്‍കോട്ടിന് നല്‍കാമെന്ന് വാഗ്ദാനം

ഇരുവരും മാറിമാറി പദവി വഹിക്കുന്ന രീതിയില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് നെതന്യാഹുവിന്റെ നിര്‍ദേശം
Gadi Eisenkot, Benjamin Netanyahu
Gadi Eisenkot and Benjamin Netanyahu
Updated on: 
2 min read

ജെറുസലേം: ഇസ്രയേലില്‍ രാഷ്ട്രീയ ഐക്യം ലക്ഷ്യമിട്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നിര്‍ദേശവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ നേതാവായ ഗാഡി ഐസന്‍കോട്ടിന് ആദ്യം പ്രധാനമന്ത്രി പദം നല്‍കാമെന്നും തുടര്‍ന്ന് ഇരുവരും മാറിമാറി ഈ പദവി വഹിക്കുന്ന രീതിയില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാമെന്നുമാണ് നെതന്യാഹുവിന്റെ നിര്‍ദേശം. ശനിയാഴ്ച സമൂഹമാധ്യമത്തിലൂടെയാണ് നെതന്യാഹു തന്റെ നിര്‍ദേശം മുന്നോട്ടുവെച്ചത്. രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഒരു നേതാവെന്ന നിലയില്‍ തനിക്കുള്ള ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള യഷാര്‍ പാര്‍ട്ടിയും മറ്റ് മൂന്ന് ജൂത പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് നേടിയത്. നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളും ലഭിച്ചു. 120 അംഗങ്ങളുള്ള ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമായ 61 സീറ്റുകള്‍ ഇരുപക്ഷത്തിനും നേടാനായിട്ടില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം അവസരം നല്‍കിയത് മുന്‍ സൈനിക മേധാവി കൂടിയായ ഐസന്‍കോട്ടിനാണ്. 28 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആവശ്യമെങ്കില്‍ 14 ദിവസം കൂടി നീട്ടിനല്‍കാനും കഴിയും.

ഇതിനിടെ, അറബ് വംശജരുടെ പിന്തുണയുള്ള രണ്ട് സഖ്യങ്ങള്‍ ചരിത്രത്തിലാദ്യമായി 19 സീറ്റുകള്‍ നേടിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയാകാന്‍ ഇവര്‍ക്ക് കഴിയുമെങ്കിലും, തെരഞ്ഞെടുപ്പിന് മുമ്പ് മിക്ക ജൂത പാര്‍ട്ടികളും അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഐസന്‍കോട്ടിന്റെ സഖ്യം യിസ്രയേല്‍ ബെയ്റ്റീനു, ദ ഡെമോക്രാറ്റ്‌സ് എന്നീ പാര്‍ട്ടികളുമായി ധാരണയിലെത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ബെയാചാദ് പാര്‍ട്ടിയും ഐസന്‍കോട്ടിന് ആദ്യം പ്രധാനമന്ത്രി പദം നല്‍കുന്ന ഐക്യസര്‍ക്കാര്‍ എന്ന ആശയത്തെ പിന്തുണച്ചിട്ടുണ്ട്.

അതേസമയം, ലികുഡ് പാര്‍ട്ടി ചര്‍ച്ചകള്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ഐസന്‍കോട്ട് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തമായ നിര്‍ദേശങ്ങളൊന്നും ലികുഡ് മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെതന്യാഹുവിന്റെ പുതിയ നിര്‍ദേശത്തോട് പ്രതികരിച്ച ഐസന്‍കോട്ട്, ലികുഡ് പാര്‍ട്ടി യഥാര്‍ഥത്തില്‍ ഐക്യത്തിന് തയ്യാറാണെങ്കില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ അവരുടെ നിലപാടിന്റെ ആത്മാര്‍ഥത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇതുവരെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായിട്ടില്ല. അതിനാല്‍ സഖ്യസര്‍ക്കാരുകളാണ് രാജ്യത്ത് അധികാരത്തിലെത്താറുള്ളത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും അധികാരത്തര്‍ക്കങ്ങളും കാരണം അഞ്ച് തവണയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്.

Gadi Eisenkot, Benjamin Netanyahu
ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ട്; മുന്നില്‍ 28 ദിവസം, അറബ് പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകം
Gadi Eisenkot, Benjamin Netanyahu
ഇസ്രായേൽ പാർലമെന്റ് പുതിയ സ്പീക്കറെ തെരഞ്ഞെടുത്തു; നെതന്യാഹുവിനെതിരെ പ്രതിപക്ഷ നീക്കം ശക്തം
Gadi Eisenkot, Benjamin Netanyahu
'അറബ് - പ്രതിപക്ഷ സര്‍ക്കാര്‍ വന്നാല്‍ ഇസ്രയേല്‍ തകരും'; മുന്നറിയിപ്പുമായി നെതന്യാഹു
Summary

Netanyahu Offers Rival First Turn as Prime Minister in Israeli Unity Government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER