

ബാങ്കോക്ക്: മധ്യ തായ്‌ലന്‍ഡിലെ നഗരത്തില്‍ കുരങ്ങുകളെക്കൊണ്ട് പത്തുവര്‍ഷമായി സമാധാനം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ഇനി ആശ്വസിക്കാം. ലോപ്ബുരിയില്‍ അലഞ്ഞ്തിരിഞ്ഞു നടക്കുന്ന ആക്രമണകാരികളായ കുരങ്ങുകളെ പിടികൂടാന്‍ തായ് വന്യജീവി ഉദ്യോഗസ്ഥര്‍ നടപടികള്‍ തുടങ്ങി.
ലോപ്ബുരിയില്‍ അലഞ്ഞ്തിരിഞ്ഞു നടക്കുന്ന കുരങ്ങുകള്‍ അവിടത്തെ പ്രാദേശിക സംസ്‌കാരത്തിന്റെ പ്രതീകമാണ്. കൂടാതെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണിത്. എന്നാല്‍ ഇവിടെ താമസിക്കുന്നവരെയും വിനോദ സഞ്ചാരികളെയും കുരങ്ങുകള്‍ ആക്രമിക്കാന്‍ തുടങ്ങിയതതോടെ കുരങ്ങുകളെ എങ്ങനെയും നീക്കണമെന്ന് ആവശ്യം ശക്തമാകുകയായിരുന്നു.
മനുഷ്യരില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കാന്‍ കുരങ്ങുകള്‍ തുടങ്ങി. ഇവയുടെ ആക്രമണത്തില്‍ പലര്‍ക്കും പരിക്കേറ്റു. ഇപ്പോള്‍ നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന ഏകദേശം 2,500 കുരങ്ങുകളെ പിടികൂടി മറ്റൊരിടത്ത് പാര്‍പ്പിക്കുമെന്നാണ് ദേശീയ ഉദ്യാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ അത്താപോള്‍ ചരോന്‍ഷുന്‍സ അറിയിച്ചിരിക്കുന്നത്. നഗരത്തില്‍ കൂടുതല്‍ ആക്രമണകാരികളായ കുരങ്ങുകളെ പിടിക്കാനുള്ള കാമ്പയിന്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. ഇതുവരെ 37 കുരങ്ങുകളെ പിടികൂടിയിട്ടുണ്ട്, അവയില്‍ ഭൂരിഭാഗവും അയല്‍ പ്രവിശ്യയായ സരബുരിയിലെ വന്യജീവി അധികാരികളുടെ സംരക്ഷണയിലാണ്, മറ്റുള്ളവയെ ലോപ്ബുരി മൃഗശാലയിലേക്ക് അയച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുരങ്ങുകളെ പാര്‍പ്പിക്കാനുള്ള ചുറ്റുമതില്‍ പൂര്‍ത്തിയാകുമ്പോള്‍ ബാക്കിയുള്ള കുരങ്ങുകളെ പിടികൂടാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുരങ്ങുകളുടെ വിവിധ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് തടയാന്‍ പ്രത്യേക കൂടുകള്‍ ഒരുക്കും. ഓപ്പറേഷന്റെ ആദ്യ ഘട്ടം ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ആയിരക്കണക്കിന് കൂട്ടുകളെ ഉള്‍ക്കൊള്ളാന്‍ ഈ കൂറ്റന്‍ കൂടുകള്‍ക്ക് കഴിയുമെന്നും പ്രശ്‌നം വളരെ വേഗത്തില്‍ പരിഹരിക്കുമെന്നും വിശ്വസിക്കുന്നതായും അത്താപോള്‍ പറഞ്ഞു.
2014-2023 കാലയളവില്‍ വന്യജീവി അധികൃതര്‍ 2600 ലോപ്ബുരി കുരങ്ങുകളെ വന്ധ്യംകരിച്ചു. പ്രജുവാബ് കിരി ഖാന്‍, ഫെച്ചബുരി തുടങ്ങിയ കുരങ്ങുകളാല്‍ പ്രശ്നങ്ങള്‍ നേരിടുന്ന തായ്ലന്‍ഡിലെ മറ്റ് പ്രദേശങ്ങളിലും തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അത്താപോള്‍ പറഞ്ഞു. രാജ്യത്തെ 77 പ്രവിശ്യകളില്‍ 52 ഇടങ്ങളിലും കുരങ്ങുകളുടെ ആക്രമണങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates