ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ, രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു

ഡൽഹിയിൽ നിന്ന് രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ യാത്രാസൗകര്യം ഒരുക്കണമെന്നും ഹസീന
Sheikh Hasina
ഷെയ്ഖ് ഹസീനFile Photo | AP
Edited By:
Updated on: 
2 min read

ധാക്ക: ഇന്ത്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. രാജ്യത്ത് രാഷ്ട്രീയ-നിയമ സംഘർഷങ്ങൾ രൂക്ഷമായിരിക്കെയാണ് മടങ്ങിവരവിനുള്ള തീയതി ഹസീന ആദ്യമായി വ്യക്തമാക്കുന്നത്. 1971-ൽ പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കുന്ന വിജയദിനമാണ് ഡിസംബർ 16.

15 വർഷത്തെ ഭരണം അവസാനിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് രാജ്യം വിട്ട് രണ്ട് വർഷത്തിലേറെ പിന്നിടുമ്പോഴാണ്, വിജയദിനത്തിൽ ധാക്കയിലേക്ക് മടങ്ങാൻ മുൻ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നതെന്ന് ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി പറഞ്ഞു. ഡൽഹിയിൽ നിന്ന് രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ യാത്രാസൗകര്യം ഒരുക്കണമെന്നും തന്റെ മടക്കം സുഗമമാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഹസീന ആവശ്യപ്പെട്ടു. "2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശ് വിമാനത്തിലാണ് ഷെയ്ഖ് ഹസീനയെ ഇന്ത്യയിലേക്ക് കൊണ്ടുപോയത് എന്നതിനാൽ, ഇപ്പോൾ ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് തിരികെ കൊണ്ടുവരാൻ വിമാന സൗകര്യം ഒരുക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെടുകയാണ്. ഭരണഘടനാ വിരുദ്ധമായി അവരെ നാടുകടത്തിയ സാഹചര്യത്തിൽ, ഡിസംബർ 16-ന് വിജയദിനത്തിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്," വക്താവ് കൂട്ടിച്ചേർത്തു.

Sheikh Hasina
'ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ മടങ്ങിയെത്തിയാല്‍ വധശിക്ഷ നടപ്പാക്കും'; മറ്റ് വഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍

പാസ്‌പോർട്ടും യാത്രാരേഖകളും തേടിയുള്ള അപേക്ഷ

രാജ്യത്തേക്ക് മടങ്ങുന്നതിനായി പുതിയ ബംഗ്ലാദേശ് പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും (എൻഐഡി) ആവശ്യപ്പെട്ട് ഹസീന സമീപിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. 2024 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ അവരുടെ നിലവിലുണ്ടായിരുന്ന രേഖകൾ റദ്ദാക്കിയിരുന്നു. രേഖകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹസീനയുടെ നിയമപ്രതിനിധികളായ ലണ്ടൻ ആസ്ഥാനമായുള്ള മാട്രിക്സ് ചേംബേഴ്‌സ് നവംബർ 9-ന് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനെ സമീപിച്ചിരുന്നു. തുടർന്ന് അപേക്ഷയുടെ തൽസ്ഥിതി ആരാഞ്ഞുകൊണ്ട് ഹസീന ഒപ്പിട്ട സമ്മതപത്രം ഉൾപ്പെടെയുള്ള തുടർകത്തുകളും അയച്ചു.

എന്നാൽ ഹസീനയുടെ ആവശ്യത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത ബംഗ്ലാദേശ് സർക്കാർ, യാത്രാരേഖകൾ നൽകില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയിലൂടെ മാത്രമേ ഹസീനയുടെ മടക്കം സാധ്യമാകൂ എന്ന നിലപാടിലാണ് ധാക്ക. ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശ് അധികൃതർ അറിയിച്ചു. അപേക്ഷ ഉചിതമായ നിയമനടപടികളിലൂടെ പരിശോധിച്ചുവരികയാണെന്ന് ഇന്ത്യൻ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

Sheikh Hasina
ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം; ഇല്ലെങ്കിൽ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനമില്ലെന്ന് ബംഗ്ലാദേശ്

തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്

ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് നിരോധനം തുടരുന്നതിനിടെ, രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മടക്കം സംബന്ധിച്ച പ്രഖ്യാപനം വരുന്നത്. രാജ്യത്ത് തിരിച്ചെത്തിയാൽ ഹസീനയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ഒരു ബംഗ്ലാദേശ് മന്ത്രി ഞായറാഴ്ച റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയിരുന്നു. ഹസീനയെ തിരികെ കൊണ്ടുവരാൻ വിമാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

2025 നവംബറിൽ ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ വിധിച്ച വധശിക്ഷ നേരിടുകയാണ് ഹസീന. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ച വിദ്യാർഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയതിലുള്ള പങ്കിന് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയുടെ അഭാവത്തിൽ കോടതി ശിക്ഷ വിധിച്ചത്. എന്നാൽ, നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ഹസീന കുറ്റങ്ങളും വിധിയും തള്ളിക്കളഞ്ഞിരുന്നു. 2024 ഓഗസ്റ്റിൽ ഹസീന സർക്കാരിനെ താഴെയിറക്കിയ പ്രക്ഷോഭങ്ങളിൽ 1,400-ഓളം പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

Sheikh Hasina
ഹസീനയുടെ വാര്‍ത്താസമ്മേളനം: അതൃപ്തി അറിയിച്ച് ബംഗ്ലാദേശ്, ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

മടക്കത്തിന് മുന്നോടിയായി രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു

ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിലുടനീളം രാഷ്ട്രീയ അക്രമങ്ങളും സംഘർഷങ്ങളും വർദ്ധിച്ചിട്ടുണ്ട്. ഹസീനയെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അനുയായികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമ്പോൾ, വിവിധ ജില്ലകളിൽ ബോംബാക്രമണങ്ങളും തീവെപ്പും ഏറ്റുമുട്ടലുകളും നടന്നതായി റിപ്പോർട്ടുണ്ട്.

നവംബർ 29, 30 തീയതികളിൽ അവാമി ലീഗ് 48 മണിക്കൂർ രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തത് സംഘർഷം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നിരോധനം തുടരുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പുറത്താക്കപ്പെട്ട രാഷ്ട്രീയ ശക്തികൾ ശ്രമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിക്കുമ്പോൾ, അക്രമങ്ങൾക്ക് പിന്നിൽ സർക്കാരാണെന്ന് അവാമി ലീഗ് അനുയായികളും കുറ്റപ്പെടുത്തുന്നു. വധശിക്ഷ നിലനിൽക്കുന്നതിനാലും കുറ്റവാളി കൈമാറ്റ നടപടികളിലൂടെ മാത്രമേ ഹസീനയെ തിരികെ കൊണ്ടുവരൂ എന്ന് ധാക്ക ഉറച്ചുനിൽക്കുന്നതിനാലും, ഡിസംബർ 16-ലെ നിർദ്ദിഷ്ട മടക്കം പുതിയ രാഷ്ട്രീയ-നിയമ പ്രതിസന്ധികൾക്ക് വഴിവെച്ചേക്കും. ഡൽഹിയിൽ നിന്ന് ദേശീയ വിമാനക്കമ്പനിയിൽ യാത്രാസൗകര്യം ഒരുക്കണമെന്ന ഹസീനയുടെ ഏറ്റവും പുതിയ ആവശ്യത്തോട് ബംഗ്ലാദേശ് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary

Ousted Bangladesh Prime Minister Sheikh Hasina has announced plans to return to Dhaka from exile in India on December 16—Bangladesh's Victory Day—and demanded a national carrier flight from Delhi, even as Dhaka warned she would be arrested upon arrival to face a death sentence amid escalating political unrest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER