

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ ഇന്ത്യൻ വ്യോമസേന തകർത്ത എയർബേസായ നൂർഖാൻ വ്യോമതാവളത്തിന്റെ പുനർനിർമാണം ആരംഭിച്ച് പാകിസ്ഥാൻ. യുഎസ് ആസ്ഥാനമായുള്ള മാക്‌സർ ടെക്‌നോളജീസിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളിലാണ്, വ്യോമതാവളത്തിന്റെ പുനർ നിർമ്മാണം വ്യക്തമാകുന്നത്. ഇന്ത്യൻ ആക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമതാവളം, ആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും പുനർ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
പാകിസ്ഥാനിലെ നയതന്ത്ര പ്രധാന്യമേറെയുള്ള വിവിഐപി വ്യോമതാവളമാണ് റാവൽപിണ്ടിയിലെ നൂർഖാൻ എയർബേസ്. പാകിസ്ഥാൻ വ്യോമസേനയുടെ 12-ാം നമ്പർ വിഐപി സ്ക്വാഡ്രൺ ‘ബുറാക്സ്’ ഈ വ്യോമത്താവളത്തിലാണ് പ്രവർത്തിക്കുന്നത്. വിദേശസന്ദർശനത്തിന് പോകുന്ന പാകിസ്ഥാൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവികൾ, കാബിനറ്റ് മന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ സുരക്ഷാ ഉത്തരവാദിത്തം ഈ യൂണിറ്റിനാണ്.
ചൈനയിലെ ടിയാൻജിനിൽ നടന്ന എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കാനായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പുറപ്പെട്ടത് നൂർഖാൻ എയർബേസിൽ നിന്നാണ്. പുനർനിർമ്മാണം നടക്കുന്നുവെങ്കിലും നൂർഖാൻ എയർബേസ് തന്ത്രപരമായ പ്രവർത്തനം നടത്തി വരുന്നതായി ഇതു വ്യക്തമാക്കുന്നു. പുറത്തുവന്ന ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ ബോംബാർഡിയർ ഗ്ലോബൽ 6000 മോഡലിൽ ഉൾപ്പെട്ട ഒരു വിവിഐപി ജെറ്റും പുനർനിർമ്മാണം നടക്കുന്ന മേഖലയ്ക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്നതായി കാണാം. ഇന്ത്യയുടെ ആക്രമണത്തിൽ സൈനിക ട്രക്കുകൾ അടക്കം വ്യോമതാവളത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
