ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇമ്രാൻ ഖാന് വൻ തിരിച്ചടി; തെരഞ്ഞെടുപ്പിൽ മത്സരിക്കരുത്; അഞ്ച് വർഷം വിലക്ക്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജയുടെ നേതൃത്വത്തിലുള്ള നാലംഗ ബഞ്ചാണ് ഇമ്രാനെ അയോ​ഗ്യനാക്കിയത്
Published on

ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന് ഖാന് കനത്ത തിരിച്ചടി. അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇമ്രാൻ ഖാന് യോ​ഗ്യത ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ ഉന്നത തെരഞ്ഞെടുപ്പ് കമ്മീഷൻ. വിദേശ നേതാക്കളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ വിൽക്കുകയും ഇതിൽ നിന്ന് കിട്ടിയ തുക സംബന്ധിച്ച കാര്യങ്ങൾ മറച്ചുവച്ചതുമായി ബന്ധപ്പെട്ട കേസ് ഇമ്രാനെതിരെ ഉണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത്. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജയുടെ നേതൃത്വത്തിലുള്ള നാലംഗ ബഞ്ചാണ് ഇമ്രാനെ അയോ​ഗ്യനാക്കിയത്. 70 കാരനായ ഇമ്രാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി സർക്കാർ ഓഗസ്റ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ (ഇസിപി) കേസ് ഫയൽ ചെയ്തിരുന്നു. കേസിൽ വാദം കേട്ട ശേഷം ഇസിപി സെപ്റ്റംബറിൽ വിധി പറയാൻ മാറ്റി. 

ഇമ്രാൻ ഖാൻ അഴിമതി നടത്തിയെന്നും പാർലമെന്റ് അംഗമെന്ന നിലയിൽ അയോഗ്യനാണെന്നും ഇസിപിയുടെ ബഞ്ച് വെള്ളിയാഴ്ച ഏകകണ്ഠമായി വിധിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഇമ്രാനെതിരെ നടപടിയെടുക്കുമെന്നും ബഞ്ച് വിധിയിൽ പറയുന്നു. തീരുമാനത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫിന്റെ സെക്രട്ടറി ജനറൽ അസദ് ഉമർ അറിയിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പിൽ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ്‌ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എട്ട് സീറ്റുകളിലേക്ക് നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളും പാർട്ടി സ്വന്തമാക്കി. മൂന്നിൽ രണ്ട് പ്രവിശ്യാ അസംബ്ലി സീറ്റുകളും അവർ പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഇമ്രാനെതിരെ തെരഞ്ഞെടുപ്പ് ബോഡിയുടെ വിധി വന്നത്. 

2018 ൽ അധികാരത്തിൽ വന്ന ഖാൻ, ഔദ്യോഗിക സന്ദർശന വേളയിൽ സമ്പന്ന അറബ് ഭരണാധികാരികളിൽ നിന്ന് വില കൂടിയ സമ്മാനങ്ങൾ സ്വീകരിച്ചിരുന്നു. വില കൂടിയ പേനകളും വാച്ചുകളും മറ്റുമായിരുന്നു സമ്മാനമായി ലഭിച്ചത്. ഇത് രാജ്യത്തിന്റെ സമ്പത്തെന്ന നിലയിൽ മാറ്റുകയും ചെയ്തു. തോഷഖാന എന്നാണ് ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന സം​വിധാനത്തിന് പറയുന്നത്. പാർലമെന്റ് അം​ഗങ്ങൾ, ഭരണവുമായി ബന്ധപ്പെടുന്ന ഉദ്യോ​ഗസ്ഥർ തുടങ്ങിയവർക്ക് ഔദ്യോ​ഗിക യാത്രകളിൽ ലഭിക്കുന്ന സമ്മാനങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കാറാണ് പതിവ്. 

എന്നാൽ‌ പിന്നീട്, തോഷഖാനയിൽ സൂക്ഷിച്ച തനിക്ക് ലഭിച്ച സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്ക് അദ്ദേഹം തന്നെ തിരിച്ചെടുത്ത് വൻ ലാഭത്തിൽ മറിച്ചു വിറ്റുവെന്നാണ് കണ്ടെത്തൽ. ആദായനികുതി റിട്ടേണിൽ വിൽപ്പന സംബന്ധിച്ച തെളിവുകൾ ഹാജാരാക്കുന്നതിൽ ഇമ്രാൻ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com