'അത്ഭുതക്കുട്ടികളെ' കാണാന്‍ നിറയെ കളിപ്പാട്ടങ്ങളുമായി പ്രസിഡന്റ് എത്തി; ആരോഗ്യം തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ആമസോണ്‍ കാടുകളില്‍ നിന്ന് 40 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കൊളംബിയന്‍ സര്‍ക്കാര്‍.
ബൊളീവിയന്‍ പ്രസിഡന്റ് ആശുപത്രിയില്‍, കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ ചിത്രം
ബൊളീവിയന്‍ പ്രസിഡന്റ് ആശുപത്രിയില്‍, കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ ചിത്രം
Updated on
2 min read

മസോണ്‍ കാടുകളില്‍ നിന്ന് 40 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കൊളംബിയന്‍ സര്‍ക്കാര്‍. ആശുപത്രിയില്‍ കഴിയുന്ന കുട്ടികളെ കാണാന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും ഭാര്യയും എത്തി. നിറയെ കളിപ്പാട്ടങ്ങളുമായാണ് പ്രസിഡന്റ് കുട്ടികളെ കാണാനെത്തിയത്. 

ഒരുവയസുകാരന്‍ ഉള്‍പ്പെടെ നാലുപേരും ബൊഗോട്ട സൈനിക ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നാലുപേരും ഇതുവരെയും ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ല. നിര്‍ജലീകരണമുണ്ടായിട്ടുളളതിനാല്‍ ദ്രവരൂപത്തിലാണ് ആഹാരം. പ്രാണികളും ചെറുജീവികളും കടിച്ചുണ്ടായ പാടുകളല്ലാതെ കുട്ടികള്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍  വായിക്കാന്‍ പുസ്തകങ്ങള്‍ ആവശ്യപ്പെട്ടു. 12 വയസുള്ള ലെസ്ലി എന്ന മുതിര്‍ന്ന കുട്ടിയാണ് 40 ദിവസവും സഹോദരങ്ങളെ സുരക്ഷിതരാക്കി സൂക്ഷിച്ചതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.  

തദ്ദേശീയരായ കുട്ടികള്‍ക്ക് കാടിനെ കുറിച്ചുള്ള അറിവാണ് അതിജീവനത്തിന് സഹായിച്ചതെന്ന്റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിത്തുകളും വേരുകളും കായ്കനികളും ഇലകളും കഴിച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത് എന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്‍ഡിജീനസ് പീപ്പിള്‍സ് ഓഫ് കൊളംബിയ (ഒപിഐഎസി) വ്യക്തമാക്കി. കാട്ടില്‍ സുലഭമായി കാണുന്ന കായ്ക്കനികളിലും വേരുകളിലും ഇലകളിലും ഭക്ഷ്യയോഗ്യമായവ ഏതെന്ന ഇവരുടെ അറിവാണ് അതിജീവനം സാധ്യമാക്കിയത്. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ മുതല്‍ മാതാപിതാക്കളില്‍ നിന്ന് പ്രകൃതിയെ കുറിച്ച് ലഭിച്ച വിവരങ്ങളാണ് പ്രതികൂല സാഹചര്യങ്ങളോട് പൊരുതാന്‍ ഇവര്‍ക്ക് കരുത്തുപകര്‍ന്നത്. മാതാപിതാക്കളില്‍ നിന്ന് പകര്‍ന്നുകിട്ടിയ അറിവ് ഇവര്‍ക്ക് പ്രകൃതിയെ കുറിച്ച് മനസിലാക്കാന്‍ സഹായകമായി. ഇതാണ് ഇവരുടെ അതിജീവനത്തിന്റെ രഹസ്യമെന്നും ഒപിഐഎസി പറയുന്നു.

കഴിഞ്ഞ മെയ് ഒന്നിനാണ് കൊളംബിയന്‍ ആമസോണ്‍ മേഖലയില്‍പ്പെടുന്ന ഹ്യുട്ടോട്ടോയ് ഗോത്ര വിഭാഗത്തില്‍ നിന്ന് 33 കാരിയായ മഗ്ദെലന മുകൂട്ടോയിയും നാലുമക്കളും അരാരക്കുരയില്‍ നിന്ന് സാന്‍ ജോസിലേക്ക് യാത്ര തിരിക്കുന്നത്. 11 മാസം മാത്രം പ്രായമുള്ള ക്രിസ്റ്റിന്‍, ടിന്‍ നൊറില്‍ എന്ന നാലുവയസുകാരന്‍, സോളേമി എന്ന ഒന്‍പതുകാരന്‍, പതിമൂന്നുകാരന്‍ ലെസ്സി എന്നിവരാണ് രക്ഷപ്പെട്ടത്. അരാരക്കുരയില്‍ നിന്ന് പുറപ്പെട്ട സെസ്ന 206 വിമാനത്തില്‍ ഇവര്‍ അഞ്ചുപേരും പൈലറ്റും കോപൈലറ്റുമടക്കം ഏഴുപേരാണ് ഉണ്ടായിരുന്നത്. യാത്ര 350 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും എന്‍ജിന്‍ തകരാര്‍ എന്ന പൈലറ്റിന്റെ മുന്നറിയിപ്പ് വന്നു. തൊട്ടുപിന്നാലെ വിമാനം റഡാറില്‍ നിന്നു തന്നെ അപ്രത്യക്ഷമായി. വിമാനത്തില്‍ നിന്നുള്ള വിവരങ്ങളും നിലച്ചു.

തുടര്‍ന്ന് അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ആമസോണ്‍ വനത്തിനുള്ളില്‍ വിമാനം തകര്‍ന്നുവീണു എന്ന വിവരം ലഭിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുട്ടികളുടെ അമ്മയും പൈലറ്റും കോ പെലറ്റും മരിച്ചു. കാണാതായ നാലുകുട്ടികള്‍ക്ക് വേണ്ടി നടത്തിയ ആഴ്ചകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കഴിഞ്ഞദിവസമാണ് സന്തോഷ വാര്‍ത്ത പുറത്തുവന്നത്.

തകര്‍ന്ന വിമാനത്തില്‍ നിന്ന് ലഭിച്ച മരച്ചീനി പൊടിയും കുട്ടികള്‍ക്ക് തിരച്ചിലിനായി നിയോഗിക്കപ്പെട്ട ഹെലികോപ്റ്ററുകളില്‍ നിന്ന്് താഴേക്ക് എറിഞ്ഞ് കൊടുത്ത ഭക്ഷണപൊതികളും കുട്ടികളുടെ അതിജീവനത്തിന് സഹായകമായി. ഇതിന് പുറമേയാണ് കാടിനെ കുറിച്ച് അറിവുള്ള കുട്ടികള്‍ ഭക്ഷ്യയോഗ്യമായ വിത്തുകളും കായ്ക്കനികളും വേരുകളും ഇലകളും കണ്ടെത്തി ജീവന്‍ നിലനിര്‍ത്തിയതെന്നും ഒപിഐഎസി പറയുന്നു.

മെയ് 16-ന് സൈന്യത്തിന്റെ നായയാണ് കുഞ്ഞിന്റെ ഫീഡിങ് ബോട്ടില്‍ അപകടസ്ഥലത്തുനിന്ന് ആദ്യം കണ്ടെത്തുന്നത്. ഇവിടെനിന്ന് 2.5 കിലോമീറ്റര്‍ അകലെ മരങ്ങള്‍ക്കിടയില്‍നിന്ന് ഒരുജോഡി ഷൂസും ടവ്വലും സൈന്യവും കണ്ടെത്തി. ഇതോടെ അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് സൈന്യം തിരിച്ചറിഞ്ഞു.

തുടര്‍ന്നാണ് സൈനികജനറല്‍ പെഡ്രോ സാഞ്ചെസിന്റെ നേതൃത്വത്തില്‍ 160 സൈനികര്‍ ചേര്‍ന്ന് ഓപ്പറേഷന്‍ ഹോപ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ ഡസന്‍കണക്കിന് ഗോത്രവിഭാഗക്കാരായ തദ്ദേശവാസികള്‍ തിരച്ചിലില്‍ സൈന്യത്തോടൊപ്പം ചേര്‍ന്നു. പിന്നീട് അത് 200 പേരായി. ഗോത്രവര്‍ഗത്തില്‍പ്പെടുന്ന ഇവര്‍ക്ക് കാടിന്റെ നേരിയ ചലനങ്ങള്‍പോലും അതിവേഗം തിരിച്ചറിയാമെന്നത് തിരച്ചിലില്‍ മുതല്‍ക്കൂട്ടായി. ബെല്‍ജിയം മലിനേഴ്‌സ് ഇനത്തില്‍പ്പെട്ട 16 ശ്വാനവീരന്മാരും തിരച്ചിലില്‍ സേനയുടെ കരുത്തായി.

പുലി, വിഷപ്പാമ്പുകള്‍ തുടങ്ങിയ വന്യജീവികളും നിര്‍ത്താതെപെയ്യുന്ന മഴയും കാറ്റും രക്ഷാദൗത്യത്തെ ബാധിച്ചു. സായുധരായ മയക്കുമരുന്നു കള്ളക്കടത്തുകാരുടെ കേന്ദ്രമാണ് കുട്ടികളകപ്പെട്ട പ്രദേശം. അവിടങ്ങളിലെ സായുധസംഘത്തിന്റെ സാന്നിധ്യവും തിരച്ചില്‍ നടത്തുന്നവര്‍ക്ക് വെല്ലുവിളിയായി. ചിലയിടങ്ങളില്‍ മയക്കുമരുന്ന് മാഫിയകളുടെയും ഗറില്ലകളുടെയും ഒളിസങ്കേതങ്ങള്‍ സൈനികര്‍ തിരച്ചിലിനിടയില്‍ കണ്ടെത്തി. കുട്ടികള്‍ ഇവരുടെ കൈയിലകപ്പെട്ടിരിക്കുമോയെന്ന ആശങ്കയ്ക്ക് ഇതിടയാക്കി.

കുട്ടികള്‍ ജീവനോടെയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുപേര്‍ ദൗത്യം അവസാനിപ്പിച്ച് മടങ്ങി.എന്നാല്‍, സൈനിക ജനറലിന്റെ നിശ്ചയദാര്‍ഢ്യവും വിശ്വാസവുമാണ് അവസാനിപ്പിക്കാന്‍പോയ തിരച്ചില്‍ വീണ്ടും മുന്നോട്ടുകൊണ്ടുപോയത്.ദിവസങ്ങളോളം കുട്ടികളെ കണ്ടെത്താനാകാത്തത് ഇവര്‍ കാട്ടിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന അനുമാനത്തില്‍ സൈന്യത്തെ എത്തിച്ചു. ഇതോടെ, വ്യോമസേന കൂടുതല്‍ സജ്ജമായി. സംശയം തോന്നുന്നയിടങ്ങളിലെല്ലാം ഹെലികോപ്റ്ററില്‍നിന്നും വിമാനത്തില്‍നിന്നും സ്പാനിഷിലും തദ്ദേശഭാഷയിലുമുള്ള പതിനായിരത്തിലധികം നിര്‍ദേശങ്ങള്‍ പറത്തിവിട്ടു.

കുട്ടികളോട് കാട്ടിലൂടെ സഞ്ചരിക്കരുതെന്നും ഒരിടത്തുതന്നെ തുടരണമെന്നുമാവശ്യപ്പെടുന്ന സന്ദേശങ്ങളായിരുന്നു അത്. മൃഗങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും അതിജീവനത്തിനുള്ള വഴികളും അതില്‍ കുറിച്ചു. ഭക്ഷണം, കുടിവെള്ളം, എന്നിവയടങ്ങിയ പാര്‍സലുകള്‍ കാട്ടില്‍ പലയിടങ്ങളിലുമായി ഇടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com