

ദോഹ: ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഖത്തർ അറിയിച്ചു. ഖത്തർ സുരക്ഷാ സേന മിസൈൽ തകർത്തപ്പോഴുണ്ടായ ചീളുകൾ തെറിച്ചു വീണു പല വസ്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും നഷ്ടപരിഹാരം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
മിസൈൽ ഭാഗങ്ങൾ തെറിച്ചു വീണു നഷ്ടമുണ്ടായവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും സർക്കാർ അറിയിച്ചു. ഖത്തറിലുള്ള അമേരിക്കൻ സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ മാസം 23ന് ആണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഈ മിസൈലുകൾ ആകാശത്ത് വെച്ച് തന്നെ ഖത്തർ സൈന്യം തകർത്തു. എന്നാൽ മിസൈലിന്റെ അവശിഷ്ടങ്ങൾ റോഡിലും സ്വകാര്യ സ്ഥലത്തുമായി ചിതറി വീണതോടെയാണ് വലിയ നാശനഷ്ടം സംഭവിച്ചത്.
നാശനഷ്ടങ്ങൾ സംഭവിച്ചവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ വിവരം അറിയിക്കണം. തുടർന്ന് ഔദ്യോഗിക സംഘം സ്ഥലം സന്ദർശിക്കും. മിസൈൽ ആക്രമണത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെട്ടാൽ അത് സാക്ഷ്യപ്പെടുത്തും. പിന്നീട് സിവിൽ ഡിഫൻസ് കൗൺസിലിനെ നഷ്ടപരിഹാരത്തിനായി ജനങ്ങൾ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി. അപേക്ഷ നൽകിയിട്ടില്ലാത്തവർ മെത്രാഷ് വഴി രണ്ടു ദിവസത്തിനകം അപേക്ഷ നൽകണമെന്നും അതിനു ശേഷം ലഭിക്കുന്നവ പരിഗണിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
