ആഗോളതാപനം പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന മാറ്റം എലികളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതായി പഠനം. വേള്‍ഡോസ്റ്റാറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ഏറ്റവും എലികളുള്ള രാജ്യങ്ങളില്‍ മുന്നില്‍ ഇന്ത്യയാണ്. രണ്ടാം സ്ഥാനത്തു ചൈനയും. യുഎസ്, ഇന്തൊനീഷ്യ, പാകിസ്താന്‍, ബ്രസീല്‍, നൈജീരിയ, ബംഗ്ലാദേശ്, റഷ്യ, മെക്‌സിക്കോ തുടങ്ങിയവയും കൂടുതല്‍ എലികളുള്ള രാജ്യങ്ങളുടെ മുന്‍പന്തിയിലുണ്ട്.
എന്നാല്‍ ആഗോള തലത്തിലുള്ള നഗരങ്ങളുടെ പട്ടികയെടുത്താല്‍ പ്രമുഖ ലോകോത്തര നഗരങ്ങളില്‍ എല്ലാം എലികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. വാഷിങ്ടണ്‍ ഡിസി, സാന്‍ ഫ്രാന്‍സിസ്‌കോ, ടൊറന്റോ, ന്യൂയോര്‍ക്ക് ആംസ്റ്റര്‍ഡാം നഗങ്ങളില്‍ എലികളുടെ എണ്ണത്തിലുണ്ടായ പെരുപ്പം കണക്കാക്കാവുന്നതിലും വളരെ ഉയര്‍ന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഒരു പതിറ്റാണ്ടിനിടെ വാഷിങ്ടണ്‍ നഗരത്തില്‍ ഉണ്ടായ എലികളുടെ വളര്‍ച്ച 390 ശതമാനത്തില്‍ അധികമാണ്. സാന്‍ ഫ്രാന്‍സിസ്‌കോ 300 ശതമാനം, ടൊറന്റോ 186 ശതമാനം, ന്യൂയോര്‍ക്ക് 162 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. പാരീസും ലണ്ടനും പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത് ഇവര്‍ കണക്കുകള്‍ നല്‍കാതിരുന്നതിനാലാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
എലി ശല്യത്താല്‍ പൊറുതിമുട്ടുന്ന പ്രദേശമാണ് കാനഡയിലെ വലിയ നഗരങ്ങളില്‍ ഒന്നായ ടൊറന്റോ എന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ടൊറന്റോ നഗര തെരുവുകളിലെ അഴുക്ക് ചാലുകള്‍ എലികളുടെ വിഹാര മേഖലയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023 ല്‍ എലി ശല്യവുമായി ബന്ധപ്പെട്ട് സഹായം തേടി 1600 ഫോണ്‍ വിളികളാണ് നഗരത്തിലെ ഹെല്‍പ് ലൈനിലേക്ക് എത്തിയത്. 2019 ല്‍ അത് 940 ആയിരുന്നു എന്ന് വ്യക്തമാകുമ്പോള്‍ ശല്യത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് വെളിപ്പെടും. ഓക്ക്ലാന്‍ഡ്, ബഫല്ലോ, ഷിക്കാഗോ, ബോസ്റ്റണ്‍, കന്‍സാസ് സിറ്റി, സിന്‍സിനാറ്റി, ആംസ്റ്റര്‍ഡാം, ടൊറന്റോ, ടോക്കിയോ തുടങ്ങിയ നഗരങ്ങളും എലി ശല്യത്തിന്റെ രൂക്ഷത നേരിടുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ആഗോള താപനവും എലികളുടെ വര്‍ധനവും
ആഗോളതലത്തില്‍ താപനിലയില്‍ ഉണ്ടായ വര്‍ധന എലികളുടെ പ്രജനനത്തെ സഹായിക്കുന്ന നിലയാണുണ്ടായതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 'പ്രകൃതിയുടെ കീട നിയന്ത്രണം' എന്ന നിലയില്‍ ആയിരുന്നു നേരത്തെ ഈ നഗരങ്ങളിലെ ശൈത്യകാലം പ്രവര്‍ത്തിച്ചിരുന്നത്. ചെറിയ സസ്തനികളായ എലികള്‍ ശൈത്യകാലത്തെ അതിജീവിക്കാന്‍ പാടുപെടുന്നവരായിരുന്നു. എന്നാല്‍ താപനില ഉയരുകയും ശൈത്യകാലത്ത് തണുപ്പ് കുറയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായപ്പോള്‍ എലികള്‍ക്ക് പ്രജനനം നടത്താന്‍ കൂടുതല്‍ സമയം ലഭിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും വേഗത്തില്‍ ചൂട് വര്‍ധിക്കുന്ന നഗരത്തില്‍ എലികളുടെ എണ്ണവും ക്രമാനുഗതമായ വളര്‍ച്ച കാണിക്കുന്നുണ്ട്.
ഉയര്‍ന്ന പ്രജനന നിരക്കുള്ള ജീവികളാണ് എലികള്‍. ഒരു പെണ്ണെലിക്ക് മൂന്നാഴ്ചകളുടെ ഇടവേളകളില്‍ പ്രജനനം നടത്താനുള്ള ശേഷിയുണ്ട്. ഒരു സീസണില്‍ 60 കുട്ടികളെ എങ്കിലും ഒരു എലിക്ക് ഉല്‍പാദിപ്പിക്കാനാകും. രണ്ട് മാസം പിന്നിടുന്നതോടെ തന്നെ ഒരു പെണ്ണെലിക്ക് പ്രജനനശേഷി കൈവരും. ഈ കണക്കുകള്‍ മുന്നിലുള്ളപ്പോള്‍ എലി പെരുപ്പത്തിന്റെ കാരണം തേടി മറ്റൊരു വഴിക്കും സഞ്ചരിക്കേണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യ ശൃംഖലയിലെ പ്രധാന കണ്ണികളില്‍ ഒന്നാണ് എലികള്‍. വിത്തുവിതരണത്തിലൂടെ മരങ്ങള്‍ വ്യാപിപ്പിക്കുക എന്നതാണ് പ്രകൃതിയില്‍ എലിയുടെ പ്രധാന ഉത്തരവാദിത്തം. എന്നാല്‍ ആധുനിക കാലത്ത് എലി ശല്യം മൂലം ഉണ്ടാകുന്നത് കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങളാണ് ആഗോള തലത്തില്‍ ഉണ്ടാകുന്നത്. അറുപതോളം രോഗങ്ങള്‍ എലികള്‍ക്ക് മനുഷ്യരിലേക്ക് പകര്‍ത്താനാകും. പതിവായി എലികളെ നേരിടുന്ന മനുഷ്യരുടെ മാനസികാരോഗ്യവും മോശമാകുന്നു എന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. പ്രതിവര്‍ഷം അയ്യായിരം കോടിയിലധികമാണ് എലി പ്രതിരോധത്തിന് ആഗോളലത്തില്‍ ചെലവിടുന്നത് എന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates