കാനഡ വെന്തുരുകുന്നു; കനത്ത ചൂടിൽ മരണം 500 കടന്നു

കാനഡ വെന്തുരുകുന്നു; കനത്ത ചൂടിൽ മരണം 500 കടന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഒട്ടാവ: കൊടുംചൂടിൽ വെന്തുരുകി കാനഡയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ. അന്തരീക്ഷ താപനില അപകടകരമായ നിലയിൽ ഉയർന്ന കാനഡയിൽ മരണങ്ങൾ വർധിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലാണ് ഉഷ്ണ തരംഗം മൂലമുള്ള മരണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കനത്ത ചൂടുമൂലം ഇവിടെ മാത്രം ഒരാഴ്ചയ്ക്കിടയിൽ 500ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ആഴ്ച മാത്രം 719 പേർ രൂക്ഷമായ ചൂട് കാരണം മരിച്ചതായി ബ്രിട്ടീഷ് കൊളംബിയ അധികൃതർ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള കാലയളവിൽ 233 പേർ മരിച്ചു. അപ്രതീക്ഷിത മരണങ്ങളാണ് ഇവയിൽ ഏറിയപങ്കുമെന്നും അധികൃതർ പറയുന്നു. 

ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റൺ നഗരത്തിൽ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അന്തരീക്ഷ താപനില ഈ ആഴ്ച രേഖപ്പെടുത്തി. 49.6 ഡിഗ്രി സെൽഷ്യസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില. 1937-ൽ രേഖപ്പെടുത്തിയ 45 ഡിഗ്രി സെൽഷ്യസ് ആണ് ഇതിനു മുൻപത്തെ ഏറ്റവും ഉയർന്ന താപനില. താപനില ഉയരുന്നത് അന്തരീക്ഷത്തെ കൂടുതൽ വരണ്ടതാക്കുകയും മേഖലയിലെ കാർഷിക വിളകളെ രൂക്ഷമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

പൊതുവേ തണുപ്പേറിയ പ്രദേശമായ കാനഡയിൽ മനുഷ്യരുടെയും ജീവജാലങ്ങളുടെയും ജീവനെടുക്കാൻ തക്കവിധത്തിൽ അസാധാരണമായി അന്തരീക്ഷ താപനില ഉയരുന്നത് ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ മേഖലയിൽ രൂപ്പപ്പെട്ട ഉയർന്ന മർദ്ദമാണ് അന്തരീക്ഷ താപനില വർധിക്കാനിടയാക്കുന്നതെന്നാണ് അവരുടെ നിഗമനം. ഉച്ചമർദ്ദത്തിന് ഇടയാക്കുന്നത് എന്തെന്ന് വ്യക്തല്ലെങ്കിലും മനുഷ്യ ഇടപെടൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാര്യങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ചൂട് കൂടുന്നത് കാട്ടുതീ ഭീഷണിയും വർധിപ്പിച്ചിട്ടുണ്ട്. ലിട്ടനിൽ പടർന്നുപിടിച്ച കാട്ടുതീ 80 ചതുരശ്ര കിലോ മീറ്റർ ചുറ്റളവിൽ വലിയ നാശനഷ്ടമാണുണ്ടാക്കിയത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും കാട്ടുതീ വിഴുങ്ങി. ഇതുമൂലം ലിട്ടൻ നഗരത്തിൽ നിന്ന് ബുധനാഴ്ച പതിനായിരത്തോളം പേരെ മിനിറ്റുകൾക്കുള്ളിൽ ഒഴിപ്പിക്കേണ്ടതായി വന്നു. കാട്ടുതീയിൽ ഏതാനും പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് ബ്രിട്ടീഷ് കൊളംബിയ അധികൃതർ പറഞ്ഞു. കാനഡയുടെ മറ്റു നിരവധി പ്രദേശങ്ങളിലും കാട്ടുതീ പടർന്നുകൊണ്ടിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com