കീവ്: യുക്രൈനില്‍ അധിനിവേശം തുടരുന്ന റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ നിയന്ത്രണം ഉപേക്ഷിച്ച് മടങ്ങുന്നു. ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രൈന് തിരികെ നല്‍കി വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ സൈനികര്‍ പ്രദേശത്തുനിന്നും പോകുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആണവ നിലയം സ്ഥിതി ചെയ്യുന്ന അതിസുരക്ഷാമേഖലയില്‍പ്പെട്ട വനത്തില്‍ ട്രെഞ്ച് കുഴിക്കുന്നതിനിടെ ആണവ വികിരണം ഏറ്റതാണ്, ന്യൂക്ലിയര്‍ പ്ലാന്റ് ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ മടങ്ങുന്നതിന് കാരണമെന്ന് യുക്രൈന്‍ ഊര്‍ജ്ജ കമ്പനി എനര്‍ഗോട്ടം സൂചിപ്പിക്കുന്നു. എന്നാല്‍ എത്ര സൈനികര്‍ക്ക് ആണവ വികിരണം ഏറ്റുവെന്നോ, അവരുടെ നില ഗുരുതരമാണോ എന്നതുസംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ആണവ വികിരണം സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ക്രെംലിനും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും പ്രതികരിച്ചിട്ടില്ല. അതേസമയം റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവനിലയം ഉപേക്ഷിച്ച് മടങ്ങുന്നതായി യുക്രൈന്‍ അറിയിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി(ഐഎഇഎ) സൂചിപ്പിച്ചു.
യുക്രൈന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ തന്നെ റഷ്യ ചെര്‍മോബില്‍ ആണവ നിലയത്തിന്‍രെ നിയന്ത്രണം കൈക്കലാക്കിയിരുന്നു. റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ ആണവ നിലയത്തിന് സംഭവിച്ച കേടുപാടുകളാകാം ആണവ വികിരണത്തിലേക്ക് നയിച്ചതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം ചെര്‍ണോബില്‍ മേഖലയില്‍ നിന്നും മാറിയ റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവ് അടക്കം മറ്റു പ്രദേശങ്ങളില്‍ ആക്രണം കടുപ്പിച്ചു. സമാധാനചര്‍ച്ചകളുടെ ഭാഗമായി യുക്രൈനിലെ സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന വാഗ്ദാനം നിലനില്‍ക്കെയാണ്, കിഴക്കന്‍ മേഖലകളില്‍ ആക്രമണം റഷ്യ കടുപ്പിക്കുന്നത്. സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിനായി മരിയൂപോളില്‍ റഷ്യ സൈനിക നടപടി നിര്‍ത്തിവെച്ചിരിക്കുകയാണ്. 631 സിവിലിയന്മാരെ മരിയൂപോളില്‍ നിന്നും ഒഴിപ്പിച്ചതായി യുക്രൈന്‍ വ്യക്തമാക്കി.
അതേസമയം രാജ്യത്തിന്റെ വടക്ക്, മധ്യ ഭാഗത്തുനിന്നുള്ള റഷ്യന്‍ പിന്മാറ്റം സൈനീകതന്ത്രം മാത്രമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി പറഞ്ഞു. തെക്കുകിഴക്കന്‍ മേഖലയില്‍ ആക്രമണം കടുപ്പിക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കം. എവിടെയായാലും തങ്ങള്‍ ധീരമായി പോരാടുമെന്നും സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates