

റിയാദ്: യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയിലെ സൈനിക വ്യോമതാവളത്തില്‍ കനത്ത മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അതിര്‍ത്തിക്ക് സമീപമുള്ള ഖാമിസ് മുഷൈത്തിലുള്ള വ്യോമതാവളം ലക്ഷ്യമിട്ട് ഡസന്‍ കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് തൊടുത്തുവിട്ടതെന്ന് ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിഭാഗം അറിയിച്ചു. വ്യോമതാവളത്തിലെ വിമാന ഹാങ്ങറുകള്‍, റഡാര്‍ സംവിധാനങ്ങള്‍, റണ്‍വേകള്‍, ആയുധപ്പുരകള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യ യെമനില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് പുതിയ ആക്രമണമെന്ന് ഹൂതികള്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധം മറ്റൊരു മേഖലയിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്. മുമ്പ് ഹൂതികള്‍ ആക്രമിച്ച മറ്റ് മൂന്ന് തെക്കന്‍ നഗരങ്ങളിലും സൗദി അധികൃതര്‍ താല്‍ക്കാലിക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നുണ്ട്.
അതിനിടെ, അമേരിക്കയും ഇസ്രായേലും ഫെബ്രുവരി അവസാനം ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഒമാന്‍ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചു. 'കൂട്ടായ സമവായത്തിന് മുന്‍ഗണന നല്‍കി' യോഗം മാറ്റിവെച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദി അറിയിച്ചു. സൗദി അറേബ്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം മാറ്റിവെച്ചതെന്ന് ഇറാന്‍ പ്രതികരിച്ചു.
യെമനിലെ പുതിയ യുദ്ധമുഖം വാഷിംഗ്ടണിന് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സൗദി സഖ്യകക്ഷികളെ സഹായിക്കാന്‍ അമേരിക്കക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും, ചെലവേറിയ യുദ്ധം മറ്റൊരു മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യെമനില്‍ ഇടപെടാന്‍ യുഎസിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇതുവരെ അത് നിരസിച്ചതായാണ് റിപ്പോര്‍ട്ട്. താന്‍ കിരീടാവകാശിയുമായി സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഈ തര്‍ക്കത്തില്‍ നിന്ന് അമേരിക്ക വിട്ടുനില്‍ക്കണമെന്ന് ഹൂതികളും ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates