

വാഷിങ്‌ടൺ: 46,000 വർഷങ്ങൾക്ക് മുൻപ് തണുത്തുറഞ്ഞ പുഴുവിനെ പുനരുജ്ജീവിപ്പിച്ച് ശാസ്‌ത്രജ്ഞർ. 'ക്രിപ്‌റ്റോബയോസിസ്' എന്ന അവസ്ഥയിൽ സൈബീരയൻ പെർമാഫ്രോസ്റ്റിൽ (മഞ്ഞും മണ്ണും കൂടിക്കുഴഞ്ഞ് കിടക്കുന്ന പ്രദേശം) ഏതാണ്ട് 131.2 അടി താഴ്‌ചയിൽ 'മരണത്തിനും ജീവിതത്തിനും ഇടയിൽ' കഴിഞ്ഞിരുന്ന ജീവിയെ കുറിച്ച് പ്ലോസ് ജെനറ്റിക്‌സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച് റിപ്പോർട്ടിലാണ് പറയുന്നത്. 2018 ൽ റഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കോകെമിക്കൽ ആൻഡ് ബയോളജിക്കൽ പ്രോബ്ലംസ് ഇൻ സോയിൽ സയൻസിലെ ശാസ്ത്രജ്ഞരാണ് അജ്ഞാത ജീവിയിനത്തിൽപെട്ട മൈക്രോസ്കോപ്പിക് നെമറ്റോഡുകളെ കണ്ടെത്തിയത്.
സാമ്പിളുകളിലൊന്ന് വെള്ളത്തിൽ പുനരുജ്ജീവിപ്പിച്ചു. പ്രദേശത്ത് കാണപ്പെട്ട സസ്യങ്ങളിൽ നിന്നുള്ള റേഡിയോകാർബൺ ഡേറ്റിംഗ് ഉപയോഗിച്ച്, പുഴുക്കൾക്ക് 45,839 നും 47,769 നും ഇടയിൽ പ്രായമുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ ജനിതക വിശകലനത്തിൽ സാമ്പിൾ പുതിയ ഇനത്തിൽപെട്ടതാണെന്ന് സ്ഥിരീകരിച്ചു. ഇവയ്‌ക്ക് 'പാനാഗ്രോലൈമസ് കോളിമേനിസ്' എന്ന് പേരു നൽകി. 'ക്രിപ്‌റ്റോബയോസിസ്' എന്ന സസ്പെൻഡ് ആനിമേഷൻ അവസ്ഥയിൽ ആ വർഷങ്ങളിലെല്ലാം പുഴുക്കൾ അതിജീവിച്ചുവെന്ന് മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ സെൽ ബയോളജി ആൻഡ് ജെനിറ്റിക്‌സിലെ പ്രൊഫസർ ടെയ്‌മുറാസ് കുർസാലിയ പറഞ്ഞു.
ഒരു ക്രിപ്‌റ്റോബയോട്ടിക് അവസ്ഥയിലുള്ള ജീവജാലങ്ങൾക്ക് വെള്ളവും വായുവുമില്ലാതെ, ഉയർന്ന ഊഷ്‌മാവിലും തണുത്തുറഞ്ഞ അവസ്ഥയും അതിജീവിക്കാനുള്ള കഴിവുണ്ട്. അവ "മരണത്തിനും ജീവിതത്തിനും ഇടയിലുള്ള" അവസ്ഥയിൽ തുടരുന്നു, അത്തരം ജീവികളിൽ മെറ്റബോളിസത്തിന്റെ നിരക്ക് കണ്ടെത്താനാകാത്ത വിധം കുറയുന്നു.
അതായത് ക്രിപ്‌റ്റോബയോസിസ് എന്ന അവസ്ഥയിലൂടെ 'ഒരാൾക്ക് ജീവിതം നിർത്താം, തുടർന്ന് ആദ്യം മുതൽ ആരംഭിക്കാം'. ഇതൊരു പ്രധാന കണ്ടെത്തലാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെത്തിയ പുഴു ട്രെഹലോസ് എന്ന പഞ്ചസാര ഉത്പാദിപ്പിക്കുന്നു, ഇത് മരവിപ്പിക്കലും നിർജ്ജലീകരണവും സഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ജീവിവർഗങ്ങളെയും മനുഷ്യരെയും സഹായിക്കാൻ പരിണാമത്തിലൂടെ ജീവിവർഗങ്ങൾ എങ്ങനെ അങ്ങേയറ്റം പൊരുത്തപ്പെട്ടുവെന്ന് നാം അറിയേണ്ടതുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കൊളോണിലെ ജന്തുശാസ്ത്ര വിഭാഗം റിസർച്ചർ മേധാവിയും ശാസ്ത്രജ്ഞനുമായ ഫിലിപ്പ് സ്നിഫർ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates