'തിരികെ വരാം, തടവുകാരിയായി കൈവിലങ്ങ് അണിഞ്ഞ് മാത്രം'; ഷെയ്ഖ് ഹസീനക്ക് മറുപടിയുമായി ബംഗ്ലാദേശ്

ഹസീന ഒളിവിൽ കഴിയുന്ന ഭീകരവാദിയെന്നും ബംഗ്ലാദേശ് സർക്കാർ
Sheikh Haseena.
Sheikh Haseena.
Edited By:
Updated on: 
2 min read

ധാക്ക: വിജയദിനമായ ഡിസംബർ 16-ന് രാജ്യത്തേക്ക് മടങ്ങുമെന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തോട് രൂക്ഷമായി പ്രതികരിച്ച് ബംഗ്ലാദേശ് സർക്കാർ. ഇന്ത്യയുമായുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം, കൈവിലങ്ങണിഞ്ഞ് ഒരു തടവുകാരിയായി മാത്രമേ അവാമി ലീഗ് അധ്യക്ഷയ്ക്ക് ബംഗ്ലാദേശിലേക്ക് വരാനാകൂ എന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി.

അടുത്ത മാസം മടങ്ങിവരാനുള്ള ഹസീനയുടെ ആഗ്രഹം യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് 'അദ്ദേഹം പറഞ്ഞു. "അവർ മടങ്ങിവരികയാണെങ്കിൽ, കൈവിലങ്ങണിഞ്ഞ് ഒരു തടവുകാരിയായിത്തന്നെ വരേണ്ടിവരും," വിദേശകാര്യ മന്ത്രാലയത്തിലെ വാർത്താ സമ്മേളനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചർച്ച ഇന്ത്യയുമായി മാത്രം; ഹസീനയുമായി യാതൊരു ചർച്ചയുമില്ല

പുറത്താക്കപ്പെട്ട നേതാവിനെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഷെയ്ഖ് ഹസീനയുമായി യാതൊരു ചർച്ചയും ഉണ്ടാകില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്മാനും വ്യക്തമാക്കി. ഹസീനയ്ക്ക് ബംഗ്ലാദേശിലേക്ക് മടങ്ങണമെന്നുണ്ടെങ്കിൽ, അവരെ വിട്ടുകിട്ടുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം മാത്രമേ അത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഷെയ്ഖ് ഹസീന വരുമോ ഇല്ലയോ എന്നത് അവരുമായി ചർച്ച ചെയ്യേണ്ട വിഷയമല്ല. ചർച്ചകൾ ഇന്ത്യയുമായിട്ടായിരിക്കും നടക്കുക. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത ഒരാൾ തന്റെ കൂട്ടാളികൾക്കൊപ്പം ഇന്ത്യയിൽ കഴിയുകയാണ്. അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്. അതുകൊണ്ട് അവർ വരുമോ ഇല്ലയോ എന്നതും, ബിമാൻ ബംഗ്ലാദേശ് എയർലൈൻസിലാണോ അതോ അവരുടെ വിമാനത്തിലാണോ അതോ കാൽനടയായാണോ വരുന്നത് എന്നതും, അവരെ എങ്ങനെ കൈമാറും എന്നതുമെല്ലാം ഇന്ത്യയുമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്," സാഹിദ് ഉർ റഹ്മാൻ പറഞ്ഞു.

'ഹസീന ഒളിവിൽ കഴിയുന്ന ഭീകരവാദി'

ഡിസംബർ 16-ന് നാട്ടിലേക്ക് മടങ്ങാനുള്ള ഷെയ്ഖ് ഹസീനയുടെ ആഗ്രഹം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും, ഒരു 'ഭീകരവാദി' എന്ന നിലയിൽ മാത്രമേ അവരെ കണക്കാക്കുയുള്ളൂവെന്നും ബംഗ്ലാദേശ് സർക്കാർ ആവർത്തിച്ചു. "ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഒരൊറ്റ തരം ഭീകരവാദമേ അറിയൂ—അത് ഷെയ്ഖ് ഹസീന സ്പോൺസർ ചെയ്ത അവാമി ഭീകരവാദമാണ്. അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളിയും ഒളിവിൽ കഴിയുന്ന ഭീകരവാദിയുമാണ്,"- വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ പറഞ്ഞു.

"പണം കൊടുത്ത് ആളുകളെ വെച്ച് അവർക്ക് പലതും അച്ചടിച്ച് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞേക്കും. എന്നാൽ യാഥാർത്ഥ്യവും ആഗ്രഹവും രണ്ട് കാര്യങ്ങളാണ്; അവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. കുറ്റവാളി കൈമാറ്റ നടപടികളിലൂടെയല്ലാതെ ഒരു ഭീകരവാദിയെയും തിരികെ വരാൻ അനുവദിക്കില്ല എന്നതാണ് യാഥാർത്ഥ്യം. 'ഞാൻ ബംഗ്ലാദേശിലേക്ക് നടന്നുപോകുന്നു', 'ഞാൻ വിമാനത്തിൽ തിരിച്ചുപോകുന്നു' എന്നിങ്ങനെയുള്ള പേക്കിനാവുകൾ അവർ ഉറക്കത്തിൽ കാണുന്നുണ്ടാകാം," ഹുമയൂൺ കബീർ പരിഹസിച്ചു.

79-കാരിയായ ഹസീന തന്റെ മടക്കത്തിനായി തീയതി പ്രഖ്യാപിച്ചതിന് ശേഷം താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. അവാമി ലീഗ് പാർട്ടി നിരോധിക്കപ്പെട്ട രാജ്യത്ത്, ഈ മാസം ആദ്യം ഹസീന പുതിയ പാസ്‌പോർട്ടിനും മറ്റ് രേഖകൾക്കുമായി അപേക്ഷിച്ചതിന് പിന്നാലെ അക്രമസംഭവങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. തനിക്കെതിരെയുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് ഡൽഹിയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ റദ്ദാക്കപ്പെട്ട യാത്രാരേഖകൾ പുതുക്കി നൽകണമെന്നും, ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ മടക്കയാത്രയ്ക്ക് സൗകര്യം ഒരുക്കണമെന്നും ഹസീന ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Summary

Reacting sharply to ousted Prime Minister Sheikh Hasina's plan to return on December 16, Bangladesh's State Minister for Foreign Affairs Humaiun Kobir stated that the "fugitive terrorist" can only come back "as a prisoner, wearing handcuffs" through extradition from India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER