ദുബൈ: കരാർ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ദുബൈയിൽ പുതിയ നിയമം നടപ്പിലാക്കി. യു എ ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നിയമം നടപ്പിലാക്കിയതായി അറിയിച്ചത്. അതിവേഗം വളരുന്ന ഒരു നഗരമെന്ന നിലയിൽ ദുബൈയുടെ വികസനവുമായി ബന്ധപ്പെട്ട് കരാർ പ്രവർത്തനങ്ങളെ യോജിപ്പിച്ചു മുന്നോട്ട് കൊണ്ട് പോകാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
നിർമ്മാണ മേഖലയിലെ നിലവാരം, കരാറുകാരുടെ വൈദഗ്ധ്യം, യോഗ്യതകൾ, കഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇവരെ തരം തിരിക്കും. ഇതിലൂടെ കരാറുകളുമായി ബന്ധപ്പെട്ട സുതാര്യത വർധിപ്പിക്കുകയും, അധികാരികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
പുതിയ നിയമവുമായി ബന്ധപ്പെട്ട് കരാർ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ‘കോൺട്രാക്റ്റിങ് ആക്ടിവിറ്റീസ് റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റി' എന്ന പേരിൽ ദുബൈ മുനിസിപ്പാലിറ്റി പ്രതിനിധി അധ്യക്ഷനായ ഒരു സമിതി രൂപികരിക്കും. ഇതിൽ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അംഗങ്ങളാകും. കരാർ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നത് മുതൽ സ്ഥാപനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നത് വരെ ഈ സമിതിയുടെ ചുമതലകളാണ്.
നിലവിലെ എല്ലാ കരാർ പ്രവർത്തനങ്ങൾക്കുമായി ഒരു സംയോജിത ഇലക്ട്രോണിക് റജിസ്ട്രി സ്ഥാപിക്കും. തുടർന്ന്, ഈ സംവിധാനം 'ഇൻവെസ്റ്റ് ഇൻ ദുബൈ ' പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുക ദുബൈ മുനിസിപ്പാലിറ്റി ആയിരിക്കും.
പുതിയ നിയമങ്ങൾ ലംഘിച്ചാൽ കരാറുകാർക്ക് 1000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ അടക്കേണ്ടി വരും. നിയമ ലംഘനം തുടർന്നാൽ താൽക്കാലിക സസ്പെൻഷൻ, ഔദ്യോഗിക കരാറുകാരുടെ റജിസ്ട്രിയിൽ നിന്ന് ഒഴിവാക്കുക, വാണിജ്യ ലൈസൻസ് റദ്ദാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കും. അടുത്ത വർഷം ആദ്യമാകും പദ്ധതി നടപ്പിലാക്കുക. പുതിയ
സംവിധാനം വരുന്നതോടെ ദുബൈയുടെ വളർച്ച വേഗത്തിലാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates