

മഡ്രിഡ്: സ്‌പെയിനിലെ ടൊലെഡോയ്ക്ക് സമീപം അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തില്‍ മരണസംഖ്യ 68 ആയി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. മഡ്രിഡിനെ അന്‍ഡലൂഷ്യയുമായി ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാതയിലാണ് അപകടം നടന്നത്.
രാജ്യത്തെ റെയില്‍വേ സിസ്റ്റം ഓപ്പറേറ്ററായ എഡിഐഎഫ് ആണ് അപകടവിവരം പുറത്തുവിട്ടത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സിഗ്‌നലിങ് സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് ഓപ്പറേറ്റര്‍ക്ക് സംഭവിച്ച മാനുഷിക പിഴവാണ് അപകടകാരണമെന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന റെന്‍ഫെ ട്രെയിന്‍, ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഇറിയോ ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആഘാതത്തില്‍ ട്രെയിനിന്റെ ബോഗികള്‍ പാളം തെറ്റി അടുത്തുള്ള ചരിവിലേക്ക് മറിഞ്ഞു. റെന്‍ഫെ ട്രെയിനില്‍ 397 യാത്രക്കാരും ഇറിയോ ട്രെയിനില്‍ 147 യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്ന് കാസ്റ്റില ലാ മഞ്ച മേഖല വക്താവ് എസ്തര്‍ പാഡില വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് മഡ്രിഡ്, സിയുഡാഡ് റിയല്‍, അന്‍ഡലൂഷ്യ എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഞെട്ടല്‍ രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
ഈ വര്‍ഷം സ്‌പെയിനിലെ അതിവേഗ റെയില്‍ ശൃംഖലയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ദുരന്തമാണിത്. കഴിഞ്ഞ ജനുവരിയില്‍ ആഡമുസില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 45 പേര്‍ മരിച്ചിരുന്നു. 2013ല്‍ 80 പേരുടെ മരണത്തിടയാക്കിയ റെയില്‍ അപകടത്തിന് ശേഷം സ്‌പെയിനില്‍ നടക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates