'സിറിയയെ ശുദ്ധീകരിച്ചു'; വിജയ പ്രസംഗവുമായി മുഹമ്മദ് അല്‍ ജുലാനി, അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് ജനങ്ങള്‍ (വീഡിയോ)

അസദ് കുടുംബവാഴ്ച തകര്‍ത്താണ്, വിമത സംഘടനയായ ഹയാത് തഹ്‌രീര്‍ അല്‍ഷാം (എച്ച് ടി എസ്) ഭരണം പിടിച്ചെടുത്തത്
Abu Mohammed al-golani
ഹയാത് തഹ്‌രീര്‍ അല്‍ഷാം മേധാവി അബു മുഹമ്മദ് അല്‍ ജുലാനിഎപി
Updated on
2 min read

ദമാസ്‌കസ്: സിറിയ ശുദ്ധീകരിച്ചെന്ന് വിമത സൈന്യമായ ഹയാത് തഹ്‌രീര്‍ അല്‍ഷാം മേധാവി അബു മുഹമ്മദ് അല്‍ ജുലാനി. പ്രിയമുള്ള സഹോദരങ്ങളേ, ഈ വിജയം ചരിത്രപരമാണ്. പോരാട്ടം നടത്തിയതിന് തടവറയില്‍ അടയ്ക്കപ്പെട്ട ജനങ്ങളില്‍ നിന്നാണ് ഈ വിജയം പിറന്നത്. പോരാളികൾ ചങ്ങലകൾ തകർത്തു. ഇറാന്റെ ആ​ഗ്രഹത്തിനൊത്ത് പ്രവര്‍ത്തിച്ച, വിഭാഗീയത നിറഞ്ഞ കാലഘട്ടമായിരുന്നു ബാഷര്‍ അല്‍ അസദിന്റേത്. ആ സിറിയയെ ശുദ്ധീകരിച്ചിരിക്കുന്നുവെന്നും ദമാസ്‌കസിലെ പള്ളിയില്‍ രാജ്യത്തോട് നടത്തിയ വിജയാഹ്ലാദ പ്രസംഗത്തില്‍ ജുലാനി പറഞ്ഞു.

സിറിയയിലെ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അസദ് കുടുംബവാഴ്ച തകര്‍ത്താണ്, വിമത സംഘടനയായ ഹയാത് തഹ്‌രീര്‍ അല്‍ഷാം (എച്ച് ടി എസ്) ഭരണം പിടിച്ചെടുത്തത്. എച്ച്ടിഎസിന്റെ തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനി സിറിയയുടെ പുതിയ പ്രസിഡന്റ് ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ്. അല്‍ഖായ്ദയുടെ ഉപസംഘടന എന്ന പോലെയായിരുന്നു എച്ച്ടിഎസിന്റെ പ്രവര്‍ത്തന രീതികള്‍.

2003 ല്‍ 21-ാം വയസ്സില്‍ എച്ച്ടിഎസ് തലവനായ അബു മുഹമ്മദ് അല്‍ ജുലാനി അല്‍ഖ്വയ്ദയില്‍ അംഗമായി. ഇറാഖില്‍ യുഎസ് പട്ടാളത്തിന്റെ പിടിയിലായ ജുലാനി 2008ലാണ് മോചിതനായത്. അമേരിക്കയുടെ ഭീകര പട്ടികയിലുള്ള വ്യക്തിയാണ് ജുലാനി. 2016 ല്‍ അല്‍ഖ്വയ്ദയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതായി ജുലാനി പ്രസ്താവിച്ചിരുന്നു. നേരത്തെ രൂപീകരിച്ച ജബ്ഹത്ത് അല്‍ നുസ്‌റ എന്ന സംഘടനയുടെ പേര് ഫതഹ് അല്‍ ശാം (സിറിയ കോണ്‍ക്വെസ്റ്റ് ഫ്രണ്ട്) എന്നാക്കി മാറ്റി.

പിന്നീടാണ് സംഘടനയുടെ പേര് ഹയാത്ത് തഹ്‌രീർ അൽ ഷാം എന്നു മാറ്റിയത്. സിറിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സംഘടന എന്നാണ് ഇതിനർത്ഥം. പടിഞ്ഞാറൻ രാജ്യങ്ങൾക്ക് തങ്ങൾ ഭീഷണിയല്ലെന്നും സിറിയയുടെ മോചനമാണ് ലക്ഷ്യമെന്നും ജുലാനി വ്യക്തമാക്കി. രാജ്യം നേരിടുന്ന വലിയ ദുരന്തത്തിന്റെ കാരണം അസദ് ഭരണകൂടമാണ്. സാധ്യമായ എല്ലാമാർഗത്തിലൂടെയും അസദ് ബറണത്തെ വലിച്ചു താഴെയിടുകയാണ് ലക്ഷ്യമെന്നും ജുലാനി പ്രസ്താവിച്ചു. ലക്ഷ്യത്തിലേക്കെത്താൻ മിതവാദിയുടെ പ്രതിച്ഛായയിലേയ്ക്ക് മുഹമ്മദ് അല്‍ ജുലാനി മാറുകയും ചെയ്തിരുന്നു.

അതിനിടെ, വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സിറിയയിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നത്. വിജയാഹ്ലാദവുമായി തെരുവിലിറങ്ങിയ ജനം ബാഷർ അൽ അസദിന്റെ പ്രതിമകളും മറ്റും തകർത്തെറിഞ്ഞു. സിറിയയിലെ ഇറാൻ എംബസി വിമതർ ആക്രമിച്ചു, ഫയലുകളും രേഖകളും നശിപ്പിച്ചു. ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു. അസദ് ഭരണം അവസാനിപ്പിച്ചുവെന്ന് വിമതർ പ്രഖ്യാപിച്ചതിന് പിന്നാലെ ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി. കൊട്ടാരത്തിൽ നിന്നും വിലപിടിപ്പുള്ള പല വസ്തുക്കളും ജനക്കൂട്ടം കൊള്ളയടിച്ചു.

കൊട്ടാരത്തിലെ ഫർണിച്ചറുകൾ, ആഭരണങ്ങൾ, ആഡംബര കാറുകൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുൾപ്പെടെ അസദിൻ്റെ സ്വകാര്യ വസ്തുക്കൾ വരെ ജനങ്ങൾ കടത്തിക്കൊണ്ടുപോയി. 31,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽ-റൗദ പ്രസിഡൻഷ്യൽ കൊട്ടാരത്തിലൂടെയും, അസദിൻ്റെ കിടപ്പുമുറികൾ, ഔദ്യോഗിക ക്യാബിനുകൾ, വിശാലമായ പൂന്തോട്ടം തുടങ്ങിയവയിലൂടെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം യഥേഷ്ടം നടക്കുന്നതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "ജനങ്ങളുടെ കൊട്ടാരം" എന്ന് വിമതരെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com