

ബലൂചിസ്ഥാന്‍ : പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ക്വറ്റക്ക് സമീപത്തുകൂടെ കടന്നുപോയ ട്രെയിന്‍ ലക്ഷ്യമിട്ട സ്‌ഫോടനത്തില്‍ 24 യാത്രക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ ക്വറ്റയിലെ ചമന്‍ ഫാടകിന് സമീപത്തായിരുന്നു സംഭവം.
റെയില്‍ പാതയ്ക്ക് അരികിലായി പാര്‍ക്ക് ചെയ്തിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറാണ് പൊട്ടിത്തെറിച്ചതെന്ന് പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. ട്രെയിൻ സിഗ്നൽ കടന്നു പോകവേ കാർ ട്രെയിൻ ബോഗികളിലൊന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റുകയും പിന്നാലെ തീപിടിത്തമുണ്ടാവുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശമൊട്ടാകെ കനത്ത പുകയും ഭീതിയും പരന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തു. പാകിസ്ഥാന്‍ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും ട്രെയിനില്‍ യാത്രചെയ്യുന്നുണ്ടായിരുന്നു എന്നാണ് സംഘടന അവകാശപ്പെടുന്നത്. 'ഫിദായീന്‍ ആക്രമണം' ആണെന്നാണ് ബിഎല്‍എ പ്രസ്താവനയിലൂടെ അറിയിച്ചത്.
പരിക്കേറ്റവരെ ക്വറ്റയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ബലൂചിസ്ഥാനില്‍ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ ശക്തമായി അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates