

ഒമാൻ മാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം. ഷിനാസ് തുറമുഖത്തിന് സമീപം 'എംടി ജൽവീർ' എന്ന കപ്പലിന് നേരെയാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. ഗൾഫ് മേഖലയിൽ കപ്പൽ ഗതാഗത സുരക്ഷയെ കടുത്ത പ്രതിസന്ധിയിലാക്കി മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണമുണ്ടാകുന്നത്. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ അധികൃതരുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയോ നാവികർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യങ്ങളോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം മറ്റൊരു കപ്പലിന് നേരെയുണ്ടായ യുഎസ് സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവം പുറത്തുവരുന്നത്.
ഗൾഫ് ഓഫ് ഒമാനിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തുടർച്ചയായുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്.
ആദ്യ സംഭവം (ജൂൺ 8): 'എംടി മാരിവെക്സ്' എന്ന കപ്പലിന് നേരെ സംശയാസ്പദമായ രീതിയിൽ ആക്രമണമുണ്ടാകുകയും കപ്പലിൽ തീപിടുത്തമുണ്ടാകുകയും ചെയ്തു. എന്നാൽ ഇതിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരായിരുന്നു.
രണ്ടാം സംഭവം (ജൂൺ 10): 'എംടി സെറ്റെബെല്ലോ' (MT Settebello) എന്ന ടാങ്കർ കപ്പലിന് നേരെ അമേരിക്കൻ സൈന്യം കടുത്ത ആക്രമണം നടത്തി. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.
ഇന്ത്യയുടെ പ്രതിഷേധം; ആക്രമണം നടത്തിയത് യുഎസ്
ഇന്ത്യൻ നാവികരുടെ മരണത്തിനിടയാക്കിയ 'സെറ്റെബെല്ലോ' കപ്പൽ ആക്രമണത്തിൽ ന്യൂഡൽഹി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞനെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിപ്പിച്ചാണ് ശക്തമായ പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു.
ഇറാനിൽ നിന്നുള്ള എണ്ണക്കടത്തുകളെ ലക്ഷ്യമിട്ട് നടത്തുന്ന സൈനിക നീക്കങ്ങളുടെ ഭാഗമായാണ് ടാങ്കറിന് നേരെ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പിന്നീട് സമ്മതിച്ചു. അമേരിക്കൻ സൈന്യത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കപ്പൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് 'കൃത്യതയാർന്ന' സൈനികാക്രമണം നടത്തിയതെന്നാണ് യുഎസിന്റെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates