

വാഷിങ്ടണ്‍: എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാന്‍ ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കാന്‍ നിര്‍ദേശം. ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന വിദേശികള്‍ക്കും H-1B വിസ അനുവദിക്കുന്നതിന് അനുകൂലമായ ഒരു വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കാനാണ് ആലോചന. പുതിയ നാലു ശമ്പള ബാന്‍ഡുകള്‍ സൃഷ്ടിക്കും. വിദേശവിദ്യാര്‍ത്ഥികള്‍ക്കും പുതിയ പരിഷ്‌കാരം ഗുണകരമാകുമെന്നാണ് പൊതു വിലയിരുത്തല്‍.
എച്ച്-1ബി വിസ പദ്ധതി വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസ പദ്ധതിയുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നത്. നേരത്തെ എച്ച് 2 ബി അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയിരുന്നു. നിലവില്‍ 85,000 എച്ച് 1 ബി വിസകളാണ് വര്‍ഷം തോറും യുഎസ് സര്‍ക്കാര്‍ വിദേശ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇത് റാന്‍ഡം ലോട്ടറി സമ്പ്രദായം വഴിയാണ് അനുവദിച്ചിരുന്നത്. എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിച്ചായിരുന്നു വിസ അനുവദിച്ചിരുന്നത്.
ഇതില്‍ ഉടച്ചുവാര്‍ക്കലാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ പുതിയ നിര്‍ദ്ദേശ പ്രകാരം, ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളമുള്ള വിദേശികള്‍ക്കും എച്ച്-1ബി വിസ അനുവദിക്കുന്നതിന് അനുകൂലമായ ഒരു വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കണം. എല്ലാ വേതന തലങ്ങളിലും തൊഴിലുടമകള്‍ക്ക് എച്ച്-1ബി തൊഴിലാളികളെ സുരക്ഷിതമാക്കാനുള്ള അവസരം നിലനിര്‍ത്താനും ലക്ഷ്യമിടുന്നു.
പുതിയ നിര്‍ദ്ദേശം അനുസരിച്ച്, തെരഞ്ഞെടുക്കല്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന വേതന നിലവാരത്തെ അടിസ്ഥാനമാക്കിയായിരിക്കും. വേതന തലങ്ങളെ നാലായി തിരിക്കും. ഏറ്റവും ഉയര്‍ന്ന വരുമാനം നേടുന്ന തൊഴിലാളികളെ - അതായത് 162,528 ഡോളര്‍ വരെ വാര്‍ഷിക ശമ്പളം നേടുന്നവരെ - നാല് തവണ സെലക്ഷന്‍ പൂളില്‍ ഉള്‍പ്പെടുത്തും. ഏറ്റവും താഴ്ന്ന വേതന നിലയിലുള്ളവരെ ഒരിക്കല്‍ മാത്രമേ ഉള്‍പ്പെടുത്തൂ. പുതിയ നിര്‍ദേശങ്ങള്‍ ആഗോള തലത്തിലുള്ള കഴിവുകള്‍ യുഎസ് സാമ്പത്തിക മേഖലയിലേക്ക് ഒഴുകുന്നത് പുനര്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ ഇമിഗ്രേഷന്‍ അറ്റോര്‍ണി നിക്കോള്‍ ഗുണാര പറഞ്ഞു.
പുതിയ നിര്‍ദേശം വഴി ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന അപേക്ഷകര്‍ക്ക് എച്ച് 1 ബി വിസ ലഭിക്കാനുള്ള സാധ്യതയും അവസരവും വര്‍ധിക്കും. പുതിയ നിര്‍ദേശം നിയമനിര്‍മ്മാണത്തിനായി ട്രംപ് ഭരണകൂടം ഫെഡറല്‍ രജിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ പരിഷ്‌കാരം നിലവില്‍ വന്നാല്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുമെന്നാണ് പൊതു വിലയിരുത്തല്‍. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ ഡാറ്റ പ്രകാരം, അംഗീകൃത എച്ച്-1ബി അപേക്ഷകളില്‍ 71 ശതമാനവും ഇന്ത്യക്കാരാണ്. എച്ച്-1ബി നോണ്‍-ഇമിഗ്രന്റ് വിസ പ്രോഗ്രാം നിലവില്‍ യുഎസില്‍ 'ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്ന' വിസ സംവിധാനങ്ങളില്‍ ഒന്നാണെന്ന് വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വില്‍ ഷാര്‍ഫ് അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates