

വാഷ്ങ്ടൺ: അമേരിക്കയുമായി വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചു. ഈ വർഷം ഏപ്രിലിൽ ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന താരിഫിനേക്കാൾ വർധനവാണ് ഇത്.
"ലോകത്തിന്, ഇത് (താരിഫ് ) 15 ശതമാനം മുതൽ 20 ശതമാനം വരെ പരിധിയിൽ വരുമെന്ന് അറിയിക്കുന്നു. എനിക്ക് നല്ലവനായിരിക്കാൻ ആഗ്രഹമുണ്ട്," സ്കോട്ട്ലൻഡിലെ ടേൺബെറിയിൽ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി. താരിഫ് നിരക്ക് 10 ശതമാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ രാജ്യങ്ങൾക്ക് ട്രംപിന്റെ പ്രഖ്യാപനം വലിയ തിരിച്ചടിയായേക്കും.
ഓഗസ്റ്റ് ഒന്നിലെ താരിഫ് സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ്, നിരവധി രാജ്യങ്ങൾ യുഎസുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ലാറ്റിൻ അമേരിക്ക, കരീബിയൻ രാജ്യങ്ങൾ, ആഫ്രിക്കയിലെ ചില രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ചെറിയ രാജ്യങ്ങൾക്ക് 10 ശതമാനം അടിസ്ഥാന താരിഫ് ചുമത്തുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ഈ മാസം ആദ്യം അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
