ലണ്ടൻ: ബ്രിട്ടന്റെ സിറോ എമിഷൻ കാർ പോളിസിയിൽ നിർണായക മാറ്റം വരുത്തി പ്രധാനമന്ത്രി ഋഷി സുനക്. ഡീസൽ -പെട്രോൾ കാറുകളുടെ വിൽപന നിരോധനം 2030 നിന്നും അഞ്ച് വർഷത്തേക്ക് നീട്ടി. കൂടാതെ വീടുകളിൽ ഇലക്ട്രിക് ഹീറ്റിങ് സംവിധാനം സ്ഥാപിക്കാനുള്ള ഇൻസെന്റീവ് 50 ശതമാനം വർധിപ്പിച്ചു. നിലവിൽ 5000 പൗണ്ടായിരുന്നു ഇത് 7,500 പൗണ്ടായി വർധിപ്പിച്ചു.
2050ൽ ബ്രിട്ടനെ കാർബൺ ഫ്രീ ഇക്കോണമിയായി മാറ്റാനുള്ള പ്രഖ്യാപിത നയത്തിൽ ഉറച്ചുനിൽക്കുന്നു എന്നാൽ സാധരണക്കാരിൽ അധികചെലവുകൾ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കി ലക്ഷ്യത്തിൽ എത്താനുള്ള മാർഗമാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. സുനക്കിന്റെ നിലപാട് നിരാശാജനകവും ദിശാബോധമില്ലാത്ത പ്രധാനമന്ത്രിയുടെതുമാണെന്ന് ലേബർ പാർട്ടി ആരോപിച്ചു.
2035 മുതൽ പുതിയ ഗ്യാസ് ബോയിലറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിൽപന നിരോധനം അതേപടി തുടരും. എന്നാൽ ഗ്യാസ് ബോയിലറുകൾ നിർബന്ധമായും മാറ്റി സ്ഥാപിക്കണമെന്ന നിബന്ധനയിൽ നിന്നും പാവപ്പെട്ട കുടുംബങ്ങളെ ഒഴിവാക്കും. വാടകയ്ക്ക് നൽകുന്ന എല്ലാ കെട്ടിടങ്ങൾക്കും 2025 മുതൽ ഗ്രേഡ് – സി നിലവാരത്തിനു മുകളിലുള്ള എനർജി പെർഫോമെൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നിബന്ധനയിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങളെ പാപ്പരാക്കി രാജ്യത്തെ രക്ഷിക്കാനില്ലെന്നും അതുകൊണ്ട് നയത്തിലെ മാറ്റം പ്രധാനമാണെന്നും ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ അടക്കമുള്ള മുതിർന്ന മന്ത്രിമാർ പ്രതികരിച്ചു. സർക്കാരിന്റെ നയമാറ്റം ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഉപകാരപ്രദമായിരിക്കുമെന്ന് മുൻ പ്രധാനമന്ത്രി ലിസ് ട്രസ് പ്രതികരിച്ചു. നേരത്തെയുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഡീസൽ- പെട്രോൾ കാറുകളുടെ നിർമാണം കുറച്ച് ഇലക്ട്രിക് കാറുകളുടെ നിർമാണത്തിലേക്ക് വൻകിട കമ്പനികൾ ചുവടുമാറ്റിയിരുന്നു. ഈ മാറ്റങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നടപടിയായാണ് സർക്കാർ തീരുമാനത്തെ കമ്പനികൾ കാണുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates