കീവ്: ഒരു വർഷമായി തുടരുന്ന റഷ്യൻ ആക്രമണത്തിന് മുന്നിൽ സന്ധിയില്ലാതെ പോരാടുന്ന യുക്രൈൻ ജനതയെ പ്രശംസിച്ച് പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി. യുദ്ധത്തിൽ യുക്രൈന്റെ വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യ-യുക്രൈൻ യുദ്ധത്തിന് ഒരു വർഷം തികഞ്ഞ വെള്ളിയാഴ്ച പ്രതിജ്ഞയെടുത്തു.
സമാധാനത്തിന്റെ വെള്ളക്കൊടിയല്ല, നീലയും മഞ്ഞയും നിറത്തിലുള്ള കൊടിയാണ് ഞങ്ങളുടേത്. ഓടിപ്പോകില്ല മറിച്ച് ചെറുത്തു നിൽക്കും. വേദനയുടെയും സങ്കടത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും വർഷമായിരുന്നു കഴിഞ്ഞ് പോയത്. 2023 നമ്മുടെ വിജയത്തിന്റെ വർഷമായിരിക്കുമെന്നും സെലെൻസ്‌കി പറഞ്ഞു. റഷ്യ യുദ്ധ കുറ്റകൃത്യങ്ങൾ ചെയ്‌തതായി യുക്രൈൻ ആരോപിക്കുന്ന ബുച്ച, ഇർപിൻ, മരിയൊപോൾ എന്നീ നഗരങ്ങൾ അജയ്യരുടെ തലസ്ഥാനമെന്ന് അറിയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയെ പോലെ തന്നെ ലോകത്തേയും അമ്പരപ്പിക്കുന്നതായിരുന്നു യുദ്ധമുഖത്തെ യുക്രൈൻ ചെറുത്തു നിൽപ്പ്. യുദ്ധം ആരംഭിച്ച് ഒരാഴ്ചക്കകം യുക്രൈൻ പിടിച്ചെടുക്കുമെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രഖ്യാപനം. ലോകത്തെ രണ്ടാമത്തെ സൈനികശക്തിയെ വിറപ്പിച്ച പോരാട്ടവീര്യം ലോകരാജ്യങ്ങൾക്ക് രാജ്യത്തോടുള്ള മനോഭാവം മാറ്റിയെടുത്തുവെന്ന് സെലെൻസ്‌കി പറഞ്ഞു.
2022 ഫെബ്രുവരി 24-നാണ് യുക്രൈനിൽ റഷ്യൻ സേനയുടെ അധിനിവേശം ആരംഭിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും രൂക്ഷമായ സംഘർഷമാണിതെന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിനാളുകൾ അഭയാർഥികളായി. 80,000 ഓളം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates