യുക്രൈന്‍ യുദ്ധത്തിന്റെ ഒരാണ്ട്; റഷ്യ എന്തുനേടി? (വീഡിയോ)
By എസ് എം എക്‌സ്‌പ്ലൈനര്‍ | Published: 23rd February 2023 04:55 PM |
Last Updated: 23rd February 2023 04:58 PM | A+A A- |

ചിത്രം: എഎഫ്പി
ഒരാഴ്ചകൊണ്ട് യുക്രൈന് പിടിച്ചെടുക്കും. യുദ്ധം ആരംഭിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അവകാശവാദം ഇങ്ങനെയായിരുന്നു. എന്നാല്‍ 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം, ഒരുവര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണ്. യുക്രൈന്‍ നാറ്റോയ്ക്കൊപ്പം ചേരുന്നത് റഷ്യയുടെ പരാമധികാരത്തെയും സുരക്ഷയേയും ബാധിക്കും എന്നാരോപിച്ചായിരുന്നു പുടിന്‍ യുക്രൈനിലേക്ക് പട്ടാളത്തെ വിട്ടത്. എന്നാല്‍ അംഗാരാജ്യമാക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് നിരന്തരം ആവശ്യം ഉന്നയിക്കുന്നതല്ലാതെ നാറ്റോ പ്രവേശനം എങ്ങുമെത്തിയില്ല.
യുദ്ധം തുടങ്ങിയതിന് ശേഷം, റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയ്ക്കൊപ്പം ചേരാനുള്ള അപേക്ഷ നല്‍കുകകൂടി ചെയ്തു. ഇത് റഷ്യക്ക് കനത്ത തിരിച്ചടിയായി. ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നുണ്ടെങ്കിലും അമേരിക്കയും നാറ്റോയും യുദ്ധത്തില്‍ ഇതുവരെ നേരിട്ട് പങ്കാളികളായിട്ടില്ല.
പേരിന് ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത് ഒഴിച്ചാല്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും റഷ്യയ്ക്ക് മേല്‍ കനത്ത ഉപരോധമൊന്നും ഏര്‍പ്പെടുത്തിയില്ല എന്നതും വസ്തുതയാണ്. യുദ്ധം ഈ കാലഘട്ടത്തിന് ചേര്‍ന്നതല്ലെന്ന പ്രസ്താവനയല്ലാതെ, റഷ്യക്ക് നേരെ കടുപ്പിച്ച പ്രയോഗങ്ങള്‍ നടത്താന്‍ ഇന്ത്യയും തയ്യാറാല്ല. അമേരിക്കന്‍ പ്രസിഡന്റും സഖ്യരാഷ്ട്ര നേതാക്കളും അടിക്കടി യുക്രൈന്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതല്ലാതെ, യുക്രൈന്റെ നാറ്റോ പ്രവേശനം അനിശ്ചിതാവസ്ഥയിലാണ്.
നിലവിലെ സാഹചര്യം
ലുഹാന്‍സ്‌ക്, ഡോണ്‍ബാസ്‌ക്, മെലിറ്റോപോള്‍, മരിയുപോള്‍, സപോര്‍ഷ്യ എന്നിവിടങ്ങളിലാണ് റഷ്യന്‍ സേന ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ ഖേര്‍സണില്‍ നിന്ന് റഷ്യന്‍ സേനയ്ക്ക് പിന്‍മാറേണ്ടിവന്നു. ഡൊണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകള്‍ റഷ്യയ്ക്കൊപ്പം ചേര്‍ത്തതായി പുടിന്‍ പ്രഖ്യാപിച്ചു. തലസ്ഥാന നഗരമായ കീവിന് സമീപം വരെ റഷ്യന്‍ സേന ഒരുഘട്ടത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീട് പിന്‍മാറി.
അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ആയുങ്ങള്‍ നല്‍കി സഹായിക്കുന്നതാണ് യുക്രൈന് കരുത്ത് നല്‍കുന്നത്. അമേരിക്കയും ജര്‍മനിയും ഫ്രാന്‍സുമാണ് യുക്രൈന് വന്‍തോതില്‍ ആയുങ്ങള്‍ നല്‍കി സഹായിക്കുന്നത്.
യുക്രൈന്‍ വൈദ്യുത, ആണവ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ റഷ്യ വ്യോമാക്രമണം നടത്തുന്നത്. 42,295പേര്‍ ഇതിനോടകം മരിച്ചെന്നാണ് കണക്ക്. 15,000ത്തോളം പേരെ കാണാതായിട്ടുണ്ട്. ഒരുവര്‍ഷമായി തുടരുന്ന യുദ്ധത്തില്‍, കഷ്ടനഷ്ടങ്ങളുടെ കണക്കെടുത്താല്‍, പ്രതിസന്ധിയിലായത് യുക്രൈന്‍ ജനതയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ 'റഷ്യ-ചൈന ബന്ധം അന്താരാഷ്ട്ര സാഹചര്യം സുസ്ഥിരമാക്കാൻ പ്രധാനം'; വ്‌ളാഡിമിർ പുടിൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ