

ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും വ്യാപക അക്രമവും കലാപവും പൊട്ടിപ്പുറപ്പെടുന്നു. നിരോധിത അവാമി ലീഗിന്റെ ദേശവ്യാപക ലോക്ഡൗണിന്റെ പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. സംഘര്‍ഷത്തില്‍ മുന്‍ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന്റെ ചിറ്റോഗ്രാമിലെ പൂര്‍വിക വീടിന് അക്രമികള്‍ തീവെച്ചു. ധാക്കയില്‍ പലയിടത്തും ക്രൂഡ് ബോംബ് സ്‌ഫോടനങ്ങളുമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
ഗ്രാമീണ്‍ ബാങ്കിന്റെ നിരവധി ശാഖകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. വടക്കു കിഴക്കന്‍ മേഖലയായ സില്‍ഹെറ്റ്, വടക്കുപടിഞ്ഞാറന്‍ മേഖലയായ രാജ്ഷാഹി, തെക്കുപടിഞ്ഞാറന്‍ മേഖലകളായ ബാരിഷാല്‍, ഫരീദ്പൂര്‍ എന്നിവിടങ്ങളിലെ ഗ്രാമീണ്‍ ബാങ്കിന്റെ വിവിധ ശാഖകള്‍ക്ക് നേരെ തീവെപ്പുണ്ടായി. നവംബര്‍ 10 മുതല്‍ ഇതുവരെ 37 ശാഖകള്‍ ആക്രമിക്കപ്പെട്ടതായും, കഴിഞ്ഞ അര്‍ധരാത്രി മുതല്‍ മാത്രം 14 ശാഖകള്‍ കൂടി ആക്രമിക്കപ്പെട്ടതായും ഗ്രാമീണ്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് യൂനുസിന്റെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. വീടിന്റെ താഴത്തെ നിലയിലെ ഒരു മുറിയിലാണ് തീ പടര്‍ന്നത്. അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ചു. വീടിന്റെ മുകളിലത്തെ നിലകളില്‍ മുഹമ്മദ് യൂനുസിന്റെ സഹോദരങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും അവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശിലെ 64 ഭരണജില്ലകളില്‍ 28 എണ്ണത്തിലും കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി നാടന്‍ ബോംബു സ്‌ഫോടനങ്ങളുണ്ടായി. നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്കയില്‍ 24 മണിക്കൂറിനിടെ, 565 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വിദ്യാഭ്യാസമന്ത്രി റൂറുല്‍ ഇസ്ലാം നഹീദിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീന്‍ അഹമ്മദ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates