

ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് മേല്‍ വന്‍ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനമാണ് യുഎസ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതി 7 -4 ഭൂരിപക്ഷ വിധിയിലൂടെ തള്ളിയത്. യുഎസ് ദേശീയ സുരക്ഷയ്ക്ക് വ്യാപാര അസന്തുലിതാവസ്ഥ ഹാനികരമാണെന്ന വാദം ഉയര്‍ത്തി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു താരിഫ് നടപ്പാക്കിയത്. എന്നാല്‍ താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിനാണ് അധികാരമെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
താരിഫ് നയങ്ങള്‍ നിയമ വിരുദ്ധമാണെന്നും അവ അസാധുവാണെന്നുമാണ് ഫെഡറല്‍ കോടതിയുടെ നിലപാട്. എന്നാല്‍ കേസ് പരിഗണിക്കാന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടാന്‍ ഭരണകൂടത്തിന് സമയം നല്‍കുന്നതിനാല്‍ ഒക്ടോബര്‍ 14 വരെ വിധി പ്രാബല്യത്തില്‍ വരില്ല. അതേസമയം, ട്രംപ് സര്‍ക്കാരിന്റെ വിദേശനയ അജണ്ടയെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള കോടതി വിധി വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റെ പകരച്ചുങ്ക നിലപാടുകളെയും ചൈന, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫിനെയും നേരിട്ട് ബാധിക്കുന്നതാണ് ഇപ്പോഴത്തെ വിധിയെന്നാണ് വിലയിരുത്തല്‍.
കോടതി വിധിയെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. 'അമേരിക്കന്‍ ഐക്യനാടുകളെ നശിപ്പിക്കും അക്ഷരാര്‍ത്ഥത്തില്‍ നശിപ്പിക്കാന്‍ ഉതകുന്ന തീരുമാനം എന്നാണ് ട്രംപ് കോടതി വിധിയെ വിശേഷിപ്പിച്ചത്. വിധി നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സൂചനയും അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
അപ്പീല്‍ കോടതി വിധി പക്ഷപാതപരമാണ്. നമ്മുടെ താരിഫുകള്‍ നീക്കം ചെയ്യണമെന്ന് അവര്‍ പറയുന്നു. താരിഫുകള്‍ ഇല്ലാതായാല്‍, അത് രാജ്യത്തെ സംബന്ധിച്ച് സമ്പൂര്‍ണ്ണ ദുരന്തമായിരിക്കും. അത് നമ്മെ സാമ്പത്തികമായി ദുര്‍ബലരാക്കും, നമ്മള്‍ ശക്തരായിരിക്കണം. അവസാനം അമേരിക്ക വിജയിക്കും എന്നും ട്രംപ് പ്രതികരിച്ചു. അസാധാരണമായ ഭീഷണികള്‍ നേരിടാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ഉപയോഗിച്ചതിനെയും ട്രംപ് ന്യായീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
