

വാഷിങ്ടണ്‍: രണ്ടാം ലോകയുദ്ധത്തെ അനുസ്മരിച്ച് സംഘടിപ്പിച്ച വിജയദിന പരേഡ് അമേരിക്കയ്ക്കുള്ള താക്കീതാക്കി മാറ്റാനുള്ള ചൈനയുടെ നീക്കം ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം ശ്രദ്ധ നേടുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്ത ചടങ്ങിനോടാണ് ചരിത്രം ഓര്‍മ്മിപ്പിച്ച് ട്രംപ് പ്രതികരിച്ചത്.
രണ്ടാം ലോക യുദ്ധകാലത്ത് വിദേശ ശക്തിയില്‍നിന്നും ചൈന നേരിട്ട ആക്രണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ അമേരിക്ക നല്‍കിയ വലിയ പിന്തുണ പ്രസിഡന്റ് ഷി ജിങ് പിങ് ഓര്‍ക്കുന്നുണ്ടാകുമോ എന്ന ചോദ്യമാണ് ട്രംപ് ഉയര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ട്രംപിന്റെ പ്രതികരണം. ചൈനയുടെ വിജയത്തിനും ഇപ്പോഴത്തെ കീര്‍ത്തിയ്ക്കും പിന്നില്‍ നിരവധി അമേരിക്കക്കാരുടെ ജീവന്റെ വിലയുണ്ട്. അവരുടെ ധീരതയ്ക്കും ത്യാഗത്തിനും മതിയായ അംഗീകാരം നല്‍കും എന്ന് താന്‍ പ്രതീക്ഷിക്കുന്നു. ചൈനീസ് പ്രസിഡന്റിനും ജനതയ്ക്കും ഒരു മഹത്തായ ദിനം ആശംസിക്കുന്നതായും ട്രംപ് കുറിച്ചു.
ഇതിന് പിന്നാലെയാണ്, ചടങ്ങില്‍ മുഖ്യ അതിഥികളായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെയും കിം ജോങ് ഉന്നിനെയും കുറിച്ചുള്ള പരാമര്‍ശം. ഇരു നേതാക്കളോടും തന്റെ ഊഷ്മളമായ അശംസ അറിയിക്കണം എന്നും ട്രംപ് പോസ്റ്റില്‍ ആശംസിക്കുന്നു.
ചൈന ശക്തമാണെന്നും ആരെയും ഭയപ്പെടുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വിജയദിന പരേഡിനെ അഭിസംബോധന ചെയ്തത്. അക്രമത്തെ ഭയപ്പെടാത്തവരും സ്വാശ്രയരും ശക്തരുമായ ജനതയാണ് ചൈനക്കാര്‍. സമാധാനപരമായ വികസനത്തിന്റെ പാത പിന്തുടര്‍ന്ന് മനുഷ്യരാശിക്ക് അനുകൂലമായ ഭാവി കെട്ടിപ്പടുക്കുകയുമാണ് ലക്ഷ്യം. ഇതിനായി എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
