

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപറേഷന്‍ സിന്ദുറിനും ശേഷം അരങ്ങേറിയ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ചൈനീസ് ആയുധങ്ങള്‍ പരീക്ഷിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ (യുഎസ്‌സിസി) അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ച 2025 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആണ് നിര്‍ണായക വിവരങ്ങളുള്ളത്. ഇന്ത്യ - പാക് സംഘര്‍ഷത്തെ തങ്ങളുടെ ഏറ്റവും പുതിയ ആയുധങ്ങളുടെയും രഹസ്യാന്വേഷണ ശേഷികളുടെയും പരീക്ഷണ കേന്ദ്രമായി ചൈന 'അവസരവാദപരമായി' ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണേഷ്യന്‍ മേഖലയില്‍ ചൈന നടത്തുന്ന സൈനിക ഇടപെടല്‍ സംബന്ധിച്ച ആശങ്ക ശക്തമാക്കുന്നതാണ് യുഎസ് റിപ്പോര്‍ട്ട് എന്നാണ് വിലയിരുത്തല്‍.
2025 മെയ് 7 മുതല്‍ പത്ത് വരെയുള്ള നാല് ദിവസങ്ങളില്‍ ആണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ പരസ്പരം ഏറ്റവും കൂടുതല്‍ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഈ ദിവസങ്ങളില്‍ ആക്രമണം നടന്നു. ഇന്ത്യയ്‌ക്കെതിരായ നീക്കത്തില്‍ പാകിസ്ഥാന്‍ കൂടുതലായി ആശ്രയിച്ചത് ചൈനീസ് ആയുധങ്ങളെ ആയിരുന്നു. ഇതിന് പുറമെ സംഘര്‍ഷത്തെ കുറച്ച് പാകിസ്ഥാന്‍ ചൈനയ്ക്ക് തത്സമയം വിവരങ്ങള്‍ കൈമാറുകയും ചെയ്തു. എന്നും ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പ്രേരക ശക്തി എന്നാണ് റിപ്പോര്‍ട്ടില്‍ ചൈനയെ വിശേഷിപ്പിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ മാരകമായ വിമത ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയപ്പോഴും, പാകിസ്ഥാന്‍ സൈന്യം ചൈനീസ് ആയുധങ്ങളെ വളരെയധികം ആശ്രയിച്ചിരുന്നുവെന്നും ചൈനീസ് ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തി എന്നും റിപ്പോര്‍ട്ട് പറയുന്നു. നാല് ദിവസത്തെ സംഘര്‍ഷത്തില്‍ ഇന്ത്യയും പാകിസ്ഥാനും 50 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ ലക്ഷ്യങ്ങള്‍ പരസ്പരം ആക്രമിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ സൈനിക നീക്കങ്ങളെയും ഇടപെടലുകളെയും കുറിച്ച് പാകിസ്ഥാന്‍ ചൈനയ്ക്ക് 'തത്സമയ വിവരങ്ങള്‍' നല്‍കിയിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം വിലയിരുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. സ്വന്തം സൈനിക ശേഷി പരീക്ഷിക്കാന്‍ സംഘര്‍ഷം ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ചൈനയുടെ എച്ച് ജെ -9 വ്യോമ പ്രതിരോധ സംവിധാനം, പിഎല്‍-15 വ്യോമ - അന്തരീക്ഷ മിസൈലുകള്‍, ജെ 10 യുദ്ധ വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ ഉപയോഗിച്ചു. ഇവയുടെ ഉപയോഗം ഒരു ഫീല്‍ഡ് പരീക്ഷണം ആയിരുന്നു. സംഘര്‍ഷത്തിന് ശേഷം ചൈന പാകിസ്ഥാന് പുതിയ പ്രതിരോധ പാക്കേജ് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ അഞ്ചാം തലമുറയില്‍പെട്ട ജെ- 35 വിഭാഗത്തില്‍പ്പെടുന്ന 40 യുദ്ധ വിമാനങ്ങള്‍, കെ ജെ 500 മുന്നറിയിപ്പ് വിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവ ഉള്‍പ്പെടുന്നു. പാക്കേജ് പ്രഖ്യാപിച്ച മാസം തന്നെ പാകിസ്ഥാന്‍ തങ്ങളുടെ പ്രതിരോധ ബജറ്റ് 20 ശതമാനം വര്‍ധിപ്പിച്ചു. ദേശീയ ചെലവ് വെട്ടിക്കുറയ്ക്കല്‍ പ്രഖ്യപിച്ച സംയത്താണ് 9 ബില്യണ്‍ യുഎസ് ഡോളര്‍ തങ്ങളുടെ പ്രതിരോധ വിഹിതം വര്‍ധിപ്പിച്ചത്.
ആഗോള ആയുധ വില്‍പന ഉപയോഗിക്കാന്‍ ചൈന സംഘര്‍ഷത്തെ ഉപയോഗിച്ചു. സംഘര്‍ഷം സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും പാകിസ്ഥാന്‍ ചൈനയുടെ പിന്തുണ നേടിയെന്നും ഫ്രഞ്ച് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. പാകിസ്ഥാനന്‍ നശിപ്പിച്ചതായി അവകാശപ്പെട്ട് ഇന്ത്യന്‍ വിമാനങ്ങളുടെ 'അവശിഷ്ടങ്ങള്‍' ആയി പ്രചരിപ്പിച്ചത് എഐ- ഗെയിം ഇമേജുകള്‍ ആയിരുന്നു. ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ക്ക് നെരെ പാകിസ്ഥാന്‍ ആക്രമണം നടത്തി. എന്നാല്‍ നശിപ്പിക്കപ്പെട്ടവയില്‍ റഫാല്‍ വിമാനങ്ങളില്ല. ഇത്തരം പ്രപാചരണങ്ങള്‍ റാഫേലിന്റെ പ്രശസ്തിയെ തകര്‍ക്കാനും ഫ്രഞ്ച് ആയുധ വില്‍പ്പനയെ തടസ്സപ്പെടുത്താനും ചൈന തെറ്റായ വിവരങ്ങള്‍ നല്‍കുന്നു എന്നും ഫ്രഞ്ച് ഇന്റലിജന്‍സ് വിലയിരുത്തലുകളെ റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates