

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും അമേരിക്ക ഇപ്പോഴും ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ്. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ലോകോത്തര സര്‍വകലാശാലകളും ഉയര്‍ന്ന ശമ്പളം നല്‍കുന്ന കമ്പനികളും ഉള്ളതിനാലാണ് അക്കാദമിക്, തൊഴില്‍ അവസരങ്ങള്‍ തേടുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അമേരിക്ക പ്രിയപ്പെട്ടതാകുന്നത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ജോലിക്കായി യുഎസില്‍ തുടരാന്‍ കഴിയുമോ എന്നതാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്കിടയിലെ ആശങ്ക.
എഫ്- വണ്‍ സ്റ്റുഡന്റ് വിസ എന്താണ്?
സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം (SEVP) അംഗീകരിച്ച യുഎസ് സ്ഥാപനങ്ങളില്‍ ചേര്‍ന്നിട്ടുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഒരു നോണ്‍-ഇമിഗ്രന്റ് വിസയാണ് എഫ്- വണ്‍ വിസ. വിസയ്ക്ക് യോഗ്യത നേടുന്നതിന് വിദ്യാര്‍ഥികള്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ ഫുള്‍ ടൈം വിദ്യാര്‍ഥിയായി പ്രവേശനം നേടണം. ഇംഗ്ലീഷ് പ്രാവീണ്യം നേടണം എന്നതാണ് മറ്റൊരു വ്യവസ്ഥ. വിദ്യാഭ്യാസം നേടുന്നതിന് മതിയായ സാമ്പത്തിക പിന്തുണ ഉണ്ടെന്ന് തെളിവ് സഹിതം ബോധ്യപ്പെടുത്തുകയും വേണം.
കൂടാതെ, പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങുമെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പുനല്‍കണം. എഫ്- വണ്‍ വിസ വിദ്യാര്‍ഥികളെ അവരുടെ അക്കാദമിക് പ്രോഗ്രാമിന്റെ കാലാവധി വരെ യുഎസില്‍ തുടരാന്‍ അനുവദിക്കും. അവരുടെ പഠനമേഖലയില്‍ താല്‍ക്കാലിക തൊഴില്‍ അനുവദിക്കുന്ന ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (OPT) അല്ലെങ്കില്‍ കരിക്കുലര്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (CPT) എന്നിവയ്ക്കും അവര്‍ യോഗ്യരായിരിക്കാം.
എച്ച്- വണ്‍ബി വര്‍ക്ക് വിസ എന്താണ്?
കുറഞ്ഞത് ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ആവശ്യമുള്ള പ്രത്യേക ജോലികള്‍ക്കായി വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകളെ നിയമിക്കാനാണ് എച്ച്- വണ്‍ബി വിസ യുഎസ് കമ്പനികള്‍ ഉപയോഗിക്കുന്നത്. സാധാരണയായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫിനാന്‍സ്, എന്‍ജിനീയറിങ്, ഹെല്‍ത്ത്‌കെയര്‍, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ മേഖലകളിലാണ് ഇത്തരം വിസ നല്‍കുന്നത്.
ഒരു എച്ച്- വണ്‍ബി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്, ഒരു യുഎസ് തൊഴിലുടമ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കണം. ജോലി ഒരു വിദഗ്ധ തൊഴിലാണെന്ന് സ്ഥാപിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.വിദേശ ജീവനക്കാരന് വ്യവസായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ വേതനം നല്‍കുമെന്നും ഉറപ്പ് നല്‍കണം. തൊഴിലുടമകള്‍ തൊഴില്‍ വകുപ്പില്‍ (DOL) ഒരു ലേബര്‍ കണ്ടീഷന്‍ അപേക്ഷ (LCA) ഫയല്‍ ചെയ്യുകയും യുഎസ് പൗരത്വ, കുടിയേറ്റ സര്‍വീസസില്‍ (USCIS) ഫോം I-129 സമര്‍പ്പിക്കുകയും വേണം.
എഫ്-1 വിസയെ എച്ച്-വണ്‍ബി വിസയാക്കി മാറ്റുന്നത് എങ്ങനെ?
സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുള്ള ഒരു യുഎസ് തൊഴിലുടമയില്‍ നിന്ന് ജോലി ഓഫര്‍ ലഭിച്ചാല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് എഫ്- വണ്‍ വിസയില്‍ നിന്ന് എച്ച്-വണ്‍ബി വിസയിലേക്ക് മാറാവുന്നതാണ്. ഉദ്യോഗാര്‍ഥിക്ക് വേണ്ടി തൊഴിലുടമ ഫോം I-129 ഫയല്‍ ചെയ്യണം. എന്നിരുന്നാലും, എച്ച്-വണ്‍ബി വിസകള്‍ക്ക് വാര്‍ഷിക പരിധിയുണ്ട്. 65,000 ജനറല്‍ സ്ലോട്ടുകള്‍ ലഭ്യമാണ്. കൂടാതെ യുഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ബിരുദം നേടിയ അപേക്ഷകര്‍ക്കായി 20,000 സ്ലോട്ടുകള്‍ കൂടി അധികമായി നീക്കിവെച്ചിട്ടുണ്ട്.
ഒക്ടോബര്‍ 1 ന് എച്ച്- വണ്‍ബി വിസ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഒരു എഫ്- വണ്‍ വിസയുടെ കാലാവധി അവസാനിക്കുകയാണെങ്കില്‍ എച്ച്- വണ്‍ബി വിസയ്ക്ക് യോഗ്യത നേടുന്നത് വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ക്യാപ്- ഗ്യാപ് എകസ്റ്റഷന്‍ അനുസരിച്ച് അമേരിക്കയില്‍ തുടരാവുന്നതാണ്. യോഗ്യത നേടിയാല്‍ എച്ച്- വണ്‍ബി വിസ സ്റ്റാറ്റസില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അമേരിക്കയില്‍ ജോലി ആരംഭിക്കാവുന്നതുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
